ബഹ്റൈനിലുടനീളം സമസ്ത ബദര്‍ ദിനാചരണങ്ങളും പ്രാര്‍ഥനാ സംഗമങ്ങളും
Monday, July 14, 2014 6:34 AM IST
മനാമ: ഇസ്ലാമിക ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ റമദാന്‍ 17ലെ ബദ്ര്‍ പോരാട്ടം അയവിറക്കി ലോകമുസ്ലിങ്ങള്‍ (റമസാന്‍ 17, ചൊവ്വ) ബദര്‍ ദിനമാചരിക്കും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ തുടരുന്ന രൂക്ഷമായ ബോംബു വര്‍ഷങ്ങള്‍ക്കിടെയാണ് ഇത്തവണ ബദ്ര്‍ ദിനം കടന്നെത്തിയിരിക്കുന്നത് എന്നതിനാല്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള സമസ്ത നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ലോക വിശ്വാസികള്‍ക്കൊപ്പം ബഹ്റിനിലും ജൂലൈ 14ന് (തിങ്കള്‍) രാത്രി പ്രത്യേക അനുസ്മരണ ചടങ്ങുകളും പ്രാര്‍ഥനാ ബദര്‍ മൌലിദ് സദസുകളും നടക്കും.

സമസ്തയുടെ ബഹ്റിന്‍ ഘടകമായ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റിന്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴിലായി ബഹ്റിനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രത്യേക ചടങ്ങുകളോടെ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ ഏരിയകളില്‍ തിങ്കളാഴ്ച വൈകിട്ടു നടക്കുന്ന ഇഫ്താറുകളോടനുബന്ധിച്ചും തുടര്‍ന്നുള്ള നമസ്കാരങ്ങള്‍ക്കു ശേഷവും തറാവീഹിനു ശേഷവുമായാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

മിക്ക ചടങ്ങുകളിലും സമസ്ത പ്രസിഡന്റും പ്രമുഖ പണ്ഢിതനും സയ്യിദുമായ ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം സംബന്ധിക്കും.

വിശുദ്ധമാസത്തിന്റെ പുണ്യം നേടാനും മഹാന്മാരായ ബദര്‍ ശുഹദാക്കളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനുമുള്ള ഈ അവസരം മുഴുവന്‍ വിശ്വാസികളും ഉപയോഗപ്പെടുത്തണമെന്നും പ്രാര്‍ഥനാ അനുസ്മരണ സദസുകളക്കമുള്ള സമസ്തയുടെ മുഴുവന്‍ പരിപാടികളിലും വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

വിശദവിവരങ്ങള്‍ക്ക് 33987487.