ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വീസ ഡിസംബര്‍ ഒന്നു മുതല്‍
Saturday, July 12, 2014 8:19 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്കുള്ള ടൂറിസം വികസനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ ഇലക്ട്രോണിക് വീസാ പ്രാബല്യത്തിലാകും. ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ച ഒമ്പത് എയര്‍പോര്‍ട്ടുകളില്‍ നിന്നുമുള്ള ഇലക്ട്രോണിക് വീസയാണ് ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്നതെന്ന് ഇന്ത്യന്‍ ടൂറിസം മന്ത്രി ശ്രീപാദ് യെസോ നായ്ക് പറഞ്ഞു. ടൂറിസ്റ് വീസക്കുവേണ്ടി ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് അപേക്ഷകരെപറ്റിയുള്ള വിവരങ്ങളും, ബ്ളാക്ക് ലിസ്റ് പരിശോധനയും എളുപ്പത്തില്‍ നടത്തി ഓണ്‍ ലൈനില്‍ വീസ നല്‍കും.

ഈ ഇലക്ട്രോണിക് വീസാ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റുകള്‍ക്ക് വലിയ ഒരു അനുഗ്രഹമാണ്. ഇപ്പോള്‍ നിലവിലുള്ള ഔട്ട് സോഴ്സിംഗ് (പുറം കരാര്‍) ഏജന്‍സികളെ ഒഴിവാക്കി സമയലാഭവും പണലാഭവും അവര്‍ക്ക് ലഭിക്കും. അതുപോലെ ഒസിഐ അല്ലെങ്കില്‍ പിഐഒ കാര്‍ഡുകള്‍ ഇല്ലാത്ത പ്രവാസികള്‍ക്കും ഈ ഇലക്ട്രോണിക് വീസാ സമ്പ്രദായം കൂടുതല്‍ പ്രയോജനപ്രദമാണ്.

ഡിസംബര്‍ ഒന്നു മുതല്‍ ഫിന്‍ലാന്‍ഡ്, ലംക്സംബൂര്‍ഗ്, ജപ്പാന്‍, ന്യൂസ്ലാന്‍ഡ്, സിംഗപ്പൂര്‍, കംബോഡിയ, ഇന്തോനേഷ്യാ, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, ലാവോസ്, മ്യാന്‍മാര്‍, സൌത്ത് കൊറിയ എന്നീ രാജ്യക്കാര്‍ക്കാണ് ഓണ്‍ലൈന്‍ ഇലക്ട്രോണിക് വീസ നല്‍കാന്‍ പോകുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ ജര്‍മനി ഉള്‍പ്പെടെ 180 രാജ്യങ്ങള്‍ക്ക് കൂടി ഓണ്‍ലൈന്‍ ഇലക്ട്രോണിക് വീസാ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി ശ്രീപാദ് യെസോ നായ്ക് പറഞ്ഞു. ഡല്‍ഹി, മുംബൈ, കോല്‍ക്കത്താ, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, ഗോവാ, തിരുവനന്തപുരം, ബാംഗളൂര്‍ എന്നീ ഒമ്പത് എയര്‍പോര്‍ട്ടുകളിലാണ് ഈ ഇലക്ട്രോണിക് വീസ ലഭിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍