'മുസ്ലിങ്ങളുടെ അധമത്വത്തിന് കാരണം ആത്മാവില്ലാത്ത കര്‍മങ്ങള്‍'
Saturday, July 12, 2014 8:17 AM IST
ദോഹ: മുസ്ലിങ്ങള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത ഉന്നത സ്ഥാനം ലഭിക്കാത്തതിനു കാരണം അവരുടെ ആരാധനാ കര്‍മങ്ങളിലെ ആത്മാവ് ചോര്‍ന്ന് പോയതാണെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൌണ്‍സില്‍ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ മൌലാന ഉസ്മാന്‍ ബേഗ് റഷാദി.

ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം സലത്ത ജദീദിലെ താരിഖ് ബിന്‍ സിയാദ് പ്രിപറേറ്ററി സ്കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ മുഅ്മിനീങ്ങളാണെങ്കില്‍, നിങ്ങള്‍ തന്നെയായിരിക്കും ഉന്നതര്‍ എന്ന് അല്ലാഹു വാഗ്ദാനം ചെയ്തതാണ്. എന്നാല്‍, നമസ്കാരവും നോമ്പും സക്കാത്തുമൊക്കെ നിര്‍വഹിക്കുന്നുണ്െടങ്കിലും മുസ്ലിങ്ങള്‍ ഇന്ന് ഏറ്റവും അധമത്വത്തിലാണ് കഴിയുന്നത്. അതിനുകാരണം ഈ ആരാധനകള്‍ കൊണ്ട് അല്ലാഹു എന്താണോ ഉദ്ദേശിച്ചത് അത് നിര്‍വഹിക്കപ്പെടാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. നമസ്കാരത്തിലൂടെ ഐക്യവും വ്രതത്തിലൂടെ തന്നേക്കാള്‍ താഴെയുള്ളവന്റെ പ്രയാസം മനസിലാക്കലും സക്കാത്തിലൂടെ സമ്പത്തിന്റെ സംസ്കരണവുമൊക്കെയാണ് അല്ലാഹു ഉദ്ദേശിച്ചത്. എന്നാല്‍, ഇന്ന് ഐക്യത്തിനുള്ള നമസ്കാരം തന്നെ ഭിന്നിപ്പിനുള്ള വേദിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഫാസിസ്റ് ശക്തികള്‍ അധികാരത്തിലേറിയതിന്റെ നിരാശയിലും ഭയപ്പാടിലുമാണ് മുസ്ലിങ്ങള്‍. എന്നാല്‍, പ്രതിസന്ധിയില്‍ നിരാശരാവുന്നവര്‍ അവിശ്വാസികളാണെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുനര്‍വിചിന്തനം നടത്തുകയും മുസ്ലിങ്ങളുടെ ഇസ്സത്ത് വീണ്െടടുക്കാനുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്യേണ്ട സമയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫനാര്‍ പ്രതിനിധി അബൂ ഉബൈദ ഹാമിദ് അല്‍ജബ്റാവി പരിപാടി ഉദ്ഘാടനം ചെയ്തു. സുബൈര്‍ അല്‍കൌസരി റമദാന്‍ സന്ദേശം നല്‍കി. മുഹമ്മദ് ഹസന്‍ അല്‍ ഇബ്രാഹീമി (ഷേയഖ് ഈദ് സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍), ഷംസുദ്ദീന്‍ ഒളകര (യൂനിറ്റി ഖത്തര്‍ കണ്‍വീനര്‍) ആശംസകളര്‍പ്പിച്ചു. യു. ഷാനവാസ് (ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ്), അയൂബ് ഉള്ളാള്‍ (ഫ്രട്ടേണിറ്റി ഫോറം കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ്), ബഷീര്‍ അഹ്മദ് (ഫ്രട്ടേണിറ്റി ഫോറം തമിഴ്നാട് ചാപ്റ്റര്‍ പ്രസിഡന്റ്), സെയ്ദ് നദീം മാഹിര്‍ (എം.എം.യു അലൂമ്നി അസോസിയേഷന്‍ പ്രസിഡന്റ്) സംബന്ധിച്ചു. ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ് സി.കെ അബ്ദുള്ള സ്വാഗതവും ഫ്രട്ടേണിറ്റി ഫോറം ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് സെയ്ദ് ഷൌക്കത്ത് അലി നന്ദിയും പറഞ്ഞു. ഇഫ്താറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ പേര്‍ സംബന്ധിച്ചു.