ലാനാ കണ്‍വന്‍ഷനില്‍ പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും
Saturday, July 12, 2014 8:15 AM IST
ഷിക്കാഗോ: 2014 ജൂലൈ 25,26,27 തീയതികളില്‍ കേരളത്തില്‍ നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ത്രിദിന കണ്‍വന്‍ഷനില്‍ അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വിശ്രമജീവിതം നയിക്കുന്ന പ്രവാസി മലയാളികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. ദശാബ്ദങ്ങളോളം അമേരിക്കയിലെ സാഹിത്യ,സാംസ്കാരിക മേഖലകളില്‍ കര്‍മ്മനിരതരായിരുന്നതിനുശേഷം വിശ്രമജീവിതത്തിനും മറ്റുമായി നാട്ടിലേക്ക് മടങ്ങിയ അനവധി മലയാളികുടുംബങ്ങളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.

കേരളാ സാഹിത്യ അക്കാഡമിയിലും കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയിലും തുഞ്ചന്‍പറമ്പിലുമായി ലാന സംഘടിപ്പിക്കുന്ന സാംസ്കാരിക തീര്‍ഥയാത്രയില്‍ പങ്കെടുക്കുന്നതില്‍ അവര്‍ ആഹ്ളാദം പ്രകടിപ്പിച്ചു.

പ്രമുഖ ഗ്രന്ഥകാരനും മാവേലിക്കര ബിഷപ് മൂര്‍ കോളജ് മലയാള വിഭാഗം തലവനുമായിരുന്ന പ്രഫ. കോശി തലയ്ക്കല്‍, പ്രശസ്ത ബാലസാഹിത്യകാരനും പ്രഭാഷകനുമായ ജോയന്‍ കുമരകം, പ്രമുഖ കഥാകൃത്തും ഡിപ്ളോമാറ്റുമായ ഡോ. ജോര്‍ജ് മരങ്ങോലി എന്നിവര്‍ ലാനാ കണ്‍വന്‍ഷന്റെ വിവിധ വേദികളില്‍ പങ്കെടുത്ത് സാഹിത്യാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതാണ്. നാട്ടിലെ വിശ്രമജീവിതത്തിനിടയിലും അമേരിക്കയിലെ സാഹിത്യപ്രവര്‍ത്തകരുടെ അഭിമാന സംഘടനയായ ലാന സംഘടിപ്പിക്കുന്ന ലാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പ്രവാസി നേതാക്കള്‍ കാണിക്കുന്ന താത്പര്യത്തില്‍ ലാനാ ഭാരവാഹികള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം