പ്രകാശം പരത്തുന്നവരാകുക: മാര്‍ ജേക്കബ് അങ്ങാടിയത്ത്
Saturday, July 12, 2014 4:01 AM IST
ഷിക്കാഗോ: ക്രൈസ്തവ ജീവിതം പീഠത്തിനുമേല്‍ കത്തിച്ചവെച്ച ദീപംപോലെ മറ്റുള്ളവര്‍ക്ക് പ്രകാശനം നല്‍കുന്നതായിരിക്കണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉത്ബോധിപ്പിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പൌരോഹിത്യ ശുശ്രൂഷ ചെയ്യുന്നതിനായി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍, ബ്രദര്‍ രാജീവ് വലിയവീട്ടില്‍ എന്നിവര്‍ക്ക് വൈദീക വസ്ത്രവും, ശുശ്രൂഷാ പൌരോഹിത്യത്തിലേക്കുള്ള ആദ്യപടിയായ കോറോയ പട്ടവും നല്‍കിക്കൊണ്ട് വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നടത്തുകയായിരുന്നു അഭിവന്ദ്യ പിതാവ്. ലോകത്തിന്റെ പ്രകാശമായ ഈശോമിശിഹായില്‍ നിന്ന് പ്രകാശം സ്വീകരിച്ച് കുടുംബ ജീവിതത്തിലും ഇടവക കൂട്ടായ്മകളിലും സമൂഹബന്ധങ്ങളിലും സുവിശേഷത്തിന്റെ പ്രകാശം പരത്താന്‍ വൈദീകര്‍ക്കും സന്യസ്തര്‍ക്കും അത്മായ സഹോദരങ്ങള്‍ക്കും സവിശേഷമായ ഉത്തരവാദിത്വമുണ്െടന്ന് അഭിവന്ദ്യ പിതാവ് ഓര്‍മ്മപ്പെടുത്തി.

ഏതൊരു രൂപതയുടേയും അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രൂപതയിലെ ദൈവജനത്തിന് പൌരോഹിത്യ ശുശ്രൂഷ ചെയ്യുന്നതിനായി ഏറ്റവും അനുയോജ്യരായ വൈദീകര്‍ക്ക് രൂപം നല്‍കുക എന്നത്. അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനപരമായ കാര്യങ്ങളില്‍ ഇപ്പോള്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട വൈദീകര്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നും വന്നിട്ടുള്ളവരാണ്. എന്നാല്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കുഞ്ഞുങ്ങള്‍ക്കും യുവജനങ്ങള്‍ക്കും ആത്മീയ നേതൃത്വം നല്‍കുന്നതിനായി, അവര്‍ ജീവിക്കുന്ന സംസ്കാരത്തിന്റെ സ്പന്ദനങ്ങള്‍ അറിയുന്ന വൈദീകര്‍ ഉണ്ടാവുക എന്നത് അത്യന്താപേക്ഷിതമാണ്.

ഷിക്കാഗോ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന്റെ പതിന്നാലാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ബ്രദര്‍ കെവന്‍, ബ്രദര്‍ രാജീവ് എന്നീ വൈദീക വിദ്യാര്‍ത്ഥികള്‍ വൈദീക വസ്ത്രവും കാറോയാ പട്ടവും സ്വീകരിച്ച് ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക് പോകുന്നുവെന്നത് രൂപതയിലെ ദൈവജനത്തിന് ഏറെ അഭിമാനവും സന്തോഷവും നല്‍കുന്ന സദ്വാര്‍ത്തയാണ്. ഷിക്കാഗോ രൂപതയില്‍ പൌരോഹിത്യ ശുശ്രൂഷ ചെയ്യുന്നതിനായി അഞ്ച് വിദ്യാര്‍ത്ഥികള്‍ ഈവര്‍ഷം സെമിനാരിയില്‍ പരിശീലനത്തിനായി ചേരുന്നു എന്നതും രൂപതയ്ക്ക് വര്‍ദ്ധിച്ച സന്തോഷത്തിന് വക നല്‍കുന്നു.

2014 ജൂണ്‍ മാസം മുപ്പതാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ നടന്ന വൈദീക വസ്ത്രവും, കാറോയ പട്ടവും നല്‍കല്‍ ശുശ്രൂഷയില്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും ധാരാളം യുവജനങ്ങളും, മാതാപിതാക്കളും, കുഞ്ഞുങ്ങളും വൈദീകരും, സന്യസ്തരും പങ്കെടുത്തുവെന്നത് രൂപതയിലെ ദൈവജനത്തിന്റെ കൂട്ടായ്മയേയും സഭാ ശുശ്രൂഷയ്ക്കായി തങ്ങളുടെ സമയവും കഴിവുകളും സമര്‍പ്പിക്കാനുള്ള സന്നദ്ധതയും വിളിച്ചറിയിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം