പിഎസ്ഡബ്ള്യു കഴിഞ്ഞവര്‍ക്കും യുകെയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്കും ഇനി കൂടുതല്‍ നിയന്ത്രണങ്ങള്‍
Friday, July 11, 2014 8:04 AM IST
ലണ്ടന്‍: ടിയര്‍ 1 പോസ്റ് സ്റഡി വര്‍ക് വീസയിലും ടിയര്‍ 4 സ്റുഡന്റ് വീസയിലുമുള്ളവര്‍ വീസാ കാലാവധി കഴിയുന്ന മുറയ്ക്ക് സംരംഭക(ഓന്‍ട്രപര്‍ണര്‍) വീസയിലേക്ക് വ്യാജമായി മാറുന്നത് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുതിയ പരിഷ്കാരം നിലവില്‍ വന്നു. യുകെയില്‍ ബിസിനസ് സ്ഥാപനം തുടങ്ങുകയും അതുവഴി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരുകയും മറ്റുള്ളവര്‍ക്ക് ജോലി പ്രദാനം ചെയ്യുകയുമാണ് സര്‍ക്കാര്‍ ഓന്‍ട്രപര്‍ണര്‍ വീസകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ പലരും ഇത് നിലവിലുള്ള വീസയുടെ കാലാവധി കഴിഞ്ഞും തുടരാനുള്ള ഉപാധിയായാണ് കരുതുന്നത്. ഓന്‍ട്രപര്‍ണര്‍ വീസയിലേക്ക് മാറുന്ന പലരും യുകെയില്‍ ലോക സ്കില്‍ഡ് ജോലിയില്‍ തുടരുകയാണെന്ന് അധികൃതര്‍ അന്വേഷണത്തില്‍ മനസിലാക്കിയതിനെ തുടര്‍ന്നാണ് നിയമം പരിഷ്കരിച്ചത്. 2012ല്‍ പിഎസ്ഡബ്ള്യു വീസ നിര്‍ത്തലാക്കിയതോടെ ഈ പഴുതുപയോഗിച്ചാണ് പലരും യുകെയില്‍ തുടരുന്നതെന്ന് കണ്െടത്തിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.

50,000 പൌണ്േടാളമാണ് ഈ വീസക്കായി ചെലവാക്കേണ്ടി വരിക. എന്നാല്‍ രണ്ടു കുടുംബങ്ങള്‍ക്ക് പൂര്‍ണമായി യുകെയിലേക്ക് കുടിയേറാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. പലരും മെയിന്റനന്‍സ് ഫീസ് അക്കൌണ്ടില്‍ കാട്ടുന്നതു പോലെ ഏജന്‍സികളെ ഉപയോഗിച്ച് ഇത്രയും പണം കാട്ടി വീസ സമ്പാദിച്ചതിനു ശേഷം ജോലിയിലേക്ക് തിരിച്ചു പോകുന്നതാണ് പതിവ്. ഇത് കണ്െടത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഇതുപ്രകാരം ഇനി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നു മാത്രമേ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയൂ. മാത്രമല്ല, പോസ്റ് സ്റഡി വര്‍ക്കേഴ്സിന് തങ്ങളുടെ ബിസിനസ് ഇടപാടുകളെക്കുറിച്ച് അധിക തെളിവുകളും സമര്‍പ്പിക്കേണ്ടിവരും. അതായത് യഥാര്‍ഥ ബിസിനസാണ് യുകെയില്‍ നടത്തുന്നതെന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പിഎസ്ഡബ്ള്യു വീസക്കാര്‍ക്ക് ഓന്‍ട്രപര്‍ണര്‍ വീസയിലേക്ക് മാറാന്‍ കഴിയില്ല.

2012ല്‍ പിഎസ്ഡബ്ള്യു വീസ നിര്‍ത്തിയതിനു പിന്നാലെയാണ് ഓന്‍ട്രപര്‍ണര്‍ വീസയ്ക്ക് ആവശ്യക്കാരേറിയത്. എന്നാല്‍ നികുതി വിഭാഗം നടത്തിയ പരിശോധനയില്‍ ഈ വീസയില്‍ യുകെയില്‍ തങ്ങുന്നവരില്‍ ബഹുഭൂരിപക്ഷവും യാതൊരു തരത്തിലുള്ള ബിസിനസുകളും നടത്തുന്നില്ലെന്നും നികുതി വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് ടിയര്‍ 1 (ഓണ്‍ട്രപര്‍ണര്‍ വീസ) നല്‍കുന്നതിന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു.

അതേസമയം നിലവില്‍ ഈ വിഭാഗത്തിലുള്ളവരെ നിയമമാറ്റം ബാധിക്കില്ല. ഭാവിയിലും ഈ സംവിധാനം നിലവിലുണ്ടാകും. എന്നാല്‍ കൃത്യമായ മാര്‍ഗങ്ങളിലൂടെ അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഇനി മുതല്‍ വീസ ലഭിക്കൂ. യുകെയിലെ യൂണിവേഴ്സിറ്റികളില്‍നിന്ന് ബിരുദം നേടിയവര്‍ക്ക് ഗ്രാജ്വേറ്റ് ഓന്‍ട്രപര്‍ണര്‍ വീസ നേടാന്‍ ഇനിയും അവസരമുണ്ടാകും. യഥാര്‍ഥത്തില്‍ ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വിദേശത്തുനിന്നും വീസയ്ക്കായി അപേക്ഷിക്കാനും കഴിയും.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍