റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കി
Friday, July 11, 2014 8:04 AM IST
റിയാദ്: പ്രമുഖ സാംസ്കാരിക സംഘടനയായ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ബത്തയിലെ ക്ളാസിക് ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി അബൂ ഹുറൈറ റമദാന്‍ സന്ദേശം നല്‍കി. റിയ പ്രസിഡന്റ് നസീര്‍ കുംബശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിനു ധര്‍മ്മരാജന്‍ സ്വാഗതവും പൈലി ആന്റണി നന്ദിയും പറഞ്ഞു.

റിയാദ് തമിഴ് സംഘം പ്രതിനിധി ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് ഉമര്‍, ഷാജിലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

റിയ അംഗങ്ങളും അതിഥികളും പങ്കെടുത്ത ചടങ്ങില്‍ ഹുറൂബ് മൂലം ദുരിതത്തിലായി നാട്ടില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടിയ മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാ ടിക്കറ്റ് ജോയ് ആലുക്കാസ് റിയാദ ഷോറൂം മാനേജര്‍ ടോണി ജോസഫ് നല്‍കി. മലയാളിയായ അരവിന്ദന്‍ ഉണ്ണിത്താന്‍, രാജസ്ഥാന്‍കാരായ ഗോപാല്‍ സിംഗ്, ജഗേഷ് സിംഗ് എന്നിവര്‍ക്കാണ് ടിക്കറ്റ് നല്‍കിയത്.

മുന്ന് വര്‍ഷമായി സൌദിയിലുള്ള ഇവര്‍ സ്പോണ്‍സറുടെ അനുമതിയോടെ പുറത്ത് ജോലി ചെയ്യുകയായിരുന്നു. നിതാഖാത്ത് പൊതുമാപ്പ് സമയത്ത് മറ്റ് സ്പോണ്‍സറുടെ പേരിലേക്ക് മാറാനായി ശ്രമിക്കുകയും സാധിക്കാതെ വന്നപ്പോള്‍ സ്പോണ്‍സര്‍ ഹുറൂബാക്കുകയുമായിരുന്നു. ജോലിയും ശമ്പളവുമില്ലാതെ വിഷമിച്ച ഇവരെ റിയ അംഗമായ രാധാകൃഷ്ണന്‍ സംരക്ഷിക്കുകയും ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ശിവകുമാര്‍, ക്ളീറ്റസ്, ബിനു, നസീര്‍ എന്നിവരുടെ ശ്രമഫലമായി നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള രേഖകള്‍ ശരിയാക്കുകയും ചെയ്തു. ജോയ് ആലൂക്കാസാണ് എയര്‍ ടിക്കറ്റ് നല്‍കിയത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍