കേന്ദ്ര ബജറ്റ് 2014: കേരളത്തെയും പ്രവാസികളെയും അവഗണിച്ചു -കേളി
Friday, July 11, 2014 8:02 AM IST
റിയാദ്: റെയില്‍വേ ബജറ്റിന്റെ കാര്യത്തിലെന്നപോലെ മോദി സര്‍ക്കാരിന്റെ ആദ്യത്തെ പൊതു ബജറ്റിലും കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വിഴിഞ്ഞം എയിംസ് തുടങ്ങിയ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. നാല് എയിംസുകള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും കേരളത്തിന് ലഭിച്ചില്ല. പുതിയ തുറമുഖങ്ങളനുവദിക്കുകയും കോടിക്കണക്കിന് രൂപ തുറമുഖ നവീകരണത്തിനും സംരക്ഷണത്തിനും വകയിരുത്തിയെങ്കിലും വിഴിഞ്ഞം പദ്ധതി പരിഗണിക്കാതിരുന്നത് കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് പ്രതിഫലിപ്പിക്കുന്നത്.

സബ്സിഡി വെട്ടികുറയ്ക്കലും വിദേശ നിക്ഷേപവും സ്വകാര്യവത്കരണവുമാണ് ഈ ബജറ്റില്‍ എല്ലാത്തിനും ഒറ്റമൂലിയായി കാണുന്നത്. എന്നാല്‍ രൂക്ഷമായ വിലക്കയറ്റം തടയാനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായി തന്ത്രപ്രധാന സഹകരണം ഉറപ്പുവരുത്തുക എന്ന ഗൂഢലക്ഷ്യം മുന്നില്‍ കണ്ട് പ്രതിരോധരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെ രാജ്യസുരക്ഷ തന്നെ ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്.

ചെലവുചുരുക്കലിന്റേയും കാര്യക്ഷമതയുടെയും കാര്യം പറഞ്ഞ് പ്രവാസികള്‍ക്കായി ഒരു പ്രത്യേക മന്ത്രാലയം തന്നെ വേണ്െടന്ന തീരുമാനത്തില്‍ തുടങ്ങിയ പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന പൊതു ബജറ്റിലൂടെ ഒരിക്കല്‍ക്കൂടി പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവസികള്‍ക്കായും പ്രവാസി പുനരധിവാസത്തിനായും നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒന്നുംതന്നെ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ പൊതു ബജറ്റില്‍ പ്രവാസികളുടെ കാര്യം പരാമര്‍ശിക്കുന്നുപോലുമില്ല. പ്രവാസി വോട്ടവകാശം, പ്രവാസി സര്‍വകലാശാല, പ്രവാസി പുനരധിവാസ ക്ഷേമ പദ്ധതികള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ പ്രവാസികള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. ഇതിനെതിരെ പ്രവാസി സമൂഹം ഒന്നടങ്കം ശക്തമായി പ്രതിഷേധിക്കണമെന്നും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

ഇ-കൊമേഴ്സ് രംഗത്ത് എഫ്ഡിഐ അനുവദിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം ചില്ലറവ്യാപാരരംഗത്ത് ആശങ്ക പടര്‍ത്തുന്നതാണ്. ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തല്‍ക്കാലം അനുമതി നല്‍കില്ലെന്ന തീരുമാനം ബജറ്റില്‍ നടപ്പാക്കപ്പെട്ടുവെങ്കിലും ഈ നിലപാടിനെ ഇ-കൊമേഴ്സ് രംഗത്തെ എഫ്ഡിഐയുടെ മറവില്‍ അട്ടിമറിക്കുമെന്ന പ്രധാന ആശങ്ക നിലനില്‍ക്കുകയാണ്. എത്ര ശതമാനം വിദേശനിക്ഷേപമാണ് അനുവദിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ രംഗത്തെ ആഗോള ഭീമന്‍മാര്‍ക്ക് ഇന്ത്യന്‍ ചില്ലറവ്യാപാര രംഗത്ത് വാതിലുകള്‍ മലര്‍ക്കെ തുറന്നുകൊടുക്കുന്ന നടപടിയാണ് ഇ-കൊമേഴ്സ് രംഗത്ത് എഫ്ഡിഐ അനുവദിക്കുന്നതിലൂടെ സംഭവിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കുറേക്കൂടി ശക്തമായി നടപ്പാക്കാനുള്ള പദ്ധതികളാണ് പൊതുബജറ്റിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്ന് പ്രസ്താവന കുറ്റപ്പെടുത്തി ഇതുവരെ തുടര്‍ന്നുവന്ന നയങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി സംഘപരിവാര്‍ സര്‍ക്കാരിനെ ഒരുതരത്തില്‍ മൂന്നാം യുപിഎ സര്‍ക്കാര്‍ എന്നു പറയുന്നതാണ് ഉചിതമെന്നും പ്രസ്താവനയില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍