ആര്‍ഐസിസി വിസ്ഡം മജ്ലിസും ഇഫ്താര്‍ സംഗമവും ജൂലൈ 12ന്
Friday, July 11, 2014 8:01 AM IST
റിയാദ്: വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആര്‍ഐസിസി സംഘടിപ്പിക്കുന്ന വിസ്ഡം മജ്ലിസും ഇഫ്താര്‍ സംഗമവും ജൂലൈ 12ന് (ശനി) എക്സിറ്റ് 18 ലെ നൂര്‍മാസ് കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം നാലുമുതല്‍ ആരംഭിക്കുന്ന പ്രോഗ്രാമില്‍ അബ്ദുള്‍ മാലിക് സലഫി (ജാമിഅ അല്‍ ഹിന്ദ്), സര്‍ഫറാസ് സ്വലാഹി (ദമാം), നൌഫല്‍ മദീനി, മുബാറക് സലഫി തുടങ്ങിയ പണ്ഡിതന്‍മാര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസ് എടുക്കും. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക സൌകര്യമൊരുക്കിയിട്ടുണ്ട്.

കളങ്കമില്ലാത്ത ഇസ്ലാമിക ആദര്‍ശം, മുസ്ലിമിന്റെ സാമ്പത്തിക അച്ചടക്കം, ദാന ധര്‍മ്മങ്ങളുടെ നിത്യ പ്രസക്തി, സംസ്കരണത്തിന്റെ ഇസ്ലാമിക മാനം, വിസ്ഡം മാതൃകാ പ്രബോധന സംരഭം തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇസ്ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവരും പണ്ഡിതരും അടങ്ങുന്ന പാനല്‍ നേതൃത്വം നല്‍കും.

റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്സ് (ക്യുഎച്ച്എല്‍സി) പഠന സംരംഭത്തിന്റെ ഒന്നാംഘട്ട പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസുകള്‍ പ്രോഗ്രാമില്‍ വിതരണം ചെയ്യുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍