പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിനെ ആദരിക്കുന്നു
Friday, July 11, 2014 7:56 AM IST
വിയന്ന: പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിക്കുന്നു. 30 ദിവസം കൊണ്ട് 30 രാജ്യങ്ങളില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ചാപ്റ്ററുകള്‍ തുറന്ന് സംഘടനക്ക് ശക്തമായ അടിത്തറയുണ്ടാക്കിയ ജോസ് മാത്യു പനച്ചിക്കന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായാണ് നടപടി.

ഓഗസ്റ് 14, 15, 16,17 തീയതികളില്‍ നടക്കുന്ന കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ വച്ചായിരിക്കും ആദരിക്കല്‍ ചടങ്ങ് നടക്കുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം മാണി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നീണ്ടനിരതന്നെ ചടങ്ങുകളില്‍ സന്നിഹിതരായിരിക്കും.

സുധീരമായ നേതൃത്വം കൊണ്ടും ശക്തമായ ആശയവിനിമയ ശൈലികൊണ്ടും പ്രശാന്തമായ ഇടപെടലുകള്‍ കൊണ്ടും അച്ചടക്കവും കെട്ടുറപ്പുള്ളതുമായ ഒരു സംഘടനെയെ ഏകോപിപ്പിക്കുക എന്ന തന്റെ കര്‍ത്തവ്യത്തെ അന്വര്‍ഥമാക്കിയ നേതൃപാടവമാണ് ജോസ് മാത്യു പനച്ചിക്കനെ ആദരിക്കാന്‍ കാരണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സംഘടനാ പ്രവര്‍ത്തനാരംഗത്ത് പിന്നോക്കമായിരുന്ന ഒമാന്‍, ബഹ്റിന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ ഏകോപിപ്പിക്കുന്നതില്‍ അനന്യസാധാരാണമായ കഴിവാണ് ഇദ്ദേഹം പ്രകടിപ്പിച്ചത്. ഇപ്പോള്‍ ഈ രാജ്യങ്ങളിലെ ഏറ്റവും ശക്തമായ മലയാളി സംഘടനയായി പിഎംഎഫിനെ മാറ്റിയെടുക്കാന്‍ ജോസ് മാത്യുവിന് കഴിഞ്ഞു.

യുറോപ്യന്‍ രാജ്യങ്ങളില്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഇതിനോടകം സംഘടന ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. ഓഗസ്റ് 14, 15, 16,17 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ സംഘാടന ചുമതലയും ജോസ് മാത്യു പനച്ചിക്കനാണ്.

കണ്‍വന്‍ഷന്റെ വിജയത്തിനായി ഡല്‍ഹി, മുംബൈ, ബാംഗളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നടക്കുന്ന പിഎംഎഫിന്റെ മേഖലാ കണ്‍വന്‍ഷനുകളില്‍ അദ്ദേഹം പങ്കെടുക്കും. സമ്മേളനത്തിനുശേഷമേ അദ്ദേഹം ഓസ്ട്രിയയിലേയ്ക്ക് മടങ്ങുകയുള്ളൂവെന്നും ഭാരവാഹികള്‍ അറിയിച്ചു .

കണ്‍വന്‍ഷനുവേണ്ടി കര്‍മ്മനിരതനായിരിക്കുന്ന ജോസ് മാത്യു പനച്ചിക്കലിനു എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നതായി പിഎംഎഫ് ഫൌണ്ടര്‍ മാത്യു മൂലേച്ചേരില്‍, ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബഷീര്‍ അമ്പലായി, ട്രഷറര്‍ പി.പി ചെറിയാന്‍, ജോ. സെക്രട്ടറി മനോജ് വര്‍ഗീസ് തുടങ്ങിയവര്‍ അറിയിച്ചു.