നന്ദിനി നായര്‍ ഫൊക്കാന കലാതിലകം; നെവിന്‍ തോബിയാസ് കലാപ്രതിഭ
Thursday, July 10, 2014 8:15 AM IST
ഷിക്കാഗോ: ഫൊക്കാന യൂത്ത് ഫെസ്റിവലില്‍ ഷിക്കാഗോയില്‍ നിന്നുള്ള നെവിന്‍ തോബിയാസ് കലാപ്രതിഭയായും കലാതിലകം ആയി നന്ദിനി നായരും തെരഞ്ഞെടുക്കപ്പെട്ടു.

മത്സരാര്‍ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരച്ചപ്പോള്‍ പ്രാവീണ്യം നേടിയ വിധികര്‍ത്താക്കള്‍ യൂത്ത് ഫെസ്റിവലിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിച്ചു. യൂത്ത് ഫെസ്റിവലിന് ഷൈനി പട്ടരുമഠത്തില്‍, റീബി സക്കറിയ, ലീലാ ജോസഫ്, ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

ഷിക്കാഗോയിലെ ലിങ്കണ്‍ഷെയറിലെ ഡാനിയേല്‍ റയിറ്റ് സ്കൂളില്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയാണ് നന്ദിനി. അച്ഛന്‍ സുരേഷ്, അമ്മ ലക്ഷ്മി, സഹോദരന്‍ അര്‍ജുന്‍. ഈവര്‍ഷത്തെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേളയില്‍ റൈസിംഗ് സ്റാര്‍ അവാര്‍ഡും സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയ നന്ദിനി ചിന്മയ മിഷന്‍ ഭഗവത്ഗീത കോമ്പറ്റീഷനില്‍ റീജിയണ്‍ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്. പുസ്തക വായന, നൃത്തം, ഗാനം, പിയാനോ, ജൂവലറി നിര്‍മാണം എന്നിവ ഹോബിയാക്കിയ നന്ദിനി മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു.

ഷിക്കാഗോയിലെ എല്‍മസ്റില്‍ താമസിക്കുന്ന യേസുദാസിന്റേയും കഞ്ഞുമോളുടേയും പുത്രനാണ് നെവിന്‍. ഷിക്കാഗോ മലയാളി അസോസിയേഷന്‍, സീറോ മലബാര്‍ ഇടവക, ഇല്ലിനോയി മലയാളി അസോസിയേഷന്‍ എന്നിവയും മറ്റ് നാഷണല്‍ സംഘടനകളില്‍ അടക്കം പന്ത്രണ്ടില്‍ അധികം തവണ ഈ കൊച്ചുമിടുക്കന്‍ കലാപ്രതിഭാ പട്ടം നേടിയിട്ടുണ്ട്. യോര്‍ക്ക് ഹൈസ്കൂളില്‍ പത്താം ക്ളാസിലേക്ക് കടക്കുകയാണ് നെവിന്‍. ഒരു സൈക്കളോജിസ്റ് ആകമണമെന്നതാണ് ആഗ്രഹം. വനിതാ വീരപള്ളിയുടെ ശിക്ഷണത്തില്‍ അഞ്ചുവര്‍ഷമായി ഭരതനാട്യം പഠിക്കുന്നു. ലാലു പാലമറ്റമാണ് മറ്റൊരു നൃത്ത ഗുരു. ഫൊക്കാനാ കണ്‍വന്‍ഷന്‍ കോ- ചെയര്‍മാന്‍ ലെജി പട്ടരുമഠത്തില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം