പുലിക്കളിയും ശിങ്കാരി മേളവുമൊക്കെയായി തൃശൂര്‍ ജില്ലാ സംഗമം പൊടിപൂരമായി
Thursday, July 10, 2014 8:10 AM IST
ലണ്ടന്‍: യുകെയിലെ തൃശൂര്‍ ജില്ലാ സൌഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലുള്ള ഈസ്റ് ഹാമില്‍ ജൂലൈ അഞ്ചിന് (ശനി) തൃശൂര്‍ ജില്ലയിലെ ബിലാത്തി നിവാസികളുടെ പ്രഥമ സംഗമം ആഷ്ലി ആഡിറ്റോറിയത്തി അവിസ്മരണീയമാക്കി.

യുകെയില്‍ നാനൂറോളമുള്ള തൃശൂര്‍ ജില്ലയിലെ കുടുംബങ്ങളില്‍ 70 കുടുംബാംഗങ്ങളടക്കം നാനൂറില്‍പരം ജില്ലാ നിവാസികള്‍ ഒത്തുകൂടി. സ്വന്തം നാടിന്റെ തനതായ താളമേളങ്ങളും നാടന്‍ രുചി ഭേദങ്ങളടങ്ങിയ ഭക്ഷണ വിഭവങ്ങളും പാട്ടും ആട്ടവുമൊക്കെയായി പരസ്പരം പരിചയപ്പെട്ടും സംഗമം വേറിട്ടൊരനുഭവമാക്കി.

ലണ്ടനിലെ ഈസ്റ് ഹാമിനെ ഒരു പൂര നഗരിയാക്കിയ ദിനമായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച്ചയിലെ ആ ദിനം. യുകെയിലെ തൃശൂര്‍ ജില്ലാ സൌഹൃദവേദി സംഘടിപ്പിച്ച ഈ സംഗമത്തിന് മാറ്റു കൂട്ടുവാന്‍ നാട്ടില്‍ നിന്നും വിശിഷ്ട്ടാതിഥികളായി ഇവിടെ എത്തിച്ചേര്‍ന്ന പാട്ടുകാരന്‍ ഫ്രാങ്കോയും ബ്രിട്ടന്റെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ രാജീവ് ഔസേപ്പും യുകെയിലെ ആദ്യത്തെ മലയാളി മേയറായ മഞ്ജു ഷാഹുല്‍ ഹമീദുമൊക്കെ എല്ലാ സദസ്യരുടേയും മനം കവര്‍ന്നു.

വീടുകളില്‍ പാചകം ചെയ്ത് വിതരണം ചെയ്ത നാടന്‍ രുചികള്‍ ഏവരേയും നാടിന്റെ സ്മരണകള്‍ തൊട്ടുണര്‍ത്തിച്ചു. കൂടാതെ അതിഥികളെ വാദ്യമേളങ്ങളോടെ വരവേറ്റ് തൃശൂരിന്റെ തനിമയായ പുലിക്കളിയും ശിങ്കാരിമേളവും ആയതിന്റെ താളഘോഷത്തോടെ അവതരിപ്പിച്ചുള്ള പരിപാടികളും എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.

അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുടയുടെ അധ്യക്ഷതയില്‍ ബ്രിട്ടന്റെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ രാജീവ് ഒസേപ്പ് ഭദ്രദീപം തെളിച്ച് യുകെയിലെ തൃശൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുരളി മുകുന്ദന്‍ സ്വാഗതവും ജീസണ്‍ നന്ദിയും രേഖപ്പെടുത്തിയ ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയും ടി.ഹരിദാസും കെ.ജി.നായരും വിലാസിനി ടീച്ചറും ആശംസകള്‍ നേര്‍ന്നു.

പിന്നീട് ഫ്രാങ്കോവിന്റെ അടിപൊളി ഗാനമേള സദസ്യരുടെ മനം കുളിരണിയിപ്പിച്ചു. അതിനോടൊപ്പം കുട്ടികളുടേതടക്കം അരങ്ങേറിയ കലാപരിപാടികള്‍ ഏവര്‍ക്കും ഒരു കലാ വിരുന്നൂട്ട് തന്നെയായി മാറി.

ക്രോയിഡോണ്‍ നഗരസഭാ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒപ്പം തന്നെ തൃശൂരിന്റെ തനതായ രീതിയില്‍ പരിപാടികളെല്ലാം അവതരിപ്പിച്ചത് ജോണ്‍സന്‍ പെരിഞ്ചേരിയും മയൂഖയുമായിരുന്നു.

400 ല്‍ പരം ആളുകള്‍ ഒത്തുകൂടിയ ഈ സ്നേഹ കൂട്ടായ്മയില്‍ അണി ചേര്‍ന്ന് ഈ സംഗമം ഉജ്ജ്വല വിജയമാക്കുവാന്‍ കാരണം തൃശൂര്‍ ജില്ലാ നിവാസികളുടെ നിസീമമായ ആ സഹകരണ, പരിചരണ മനോഭാവം തന്നെയാണെന്ന് സംഘാടകര്‍ എടുത്തുപറഞ്ഞു. വരും വര്‍ഷങ്ങളിലും ഇതിലും വിപുലമായി തൃശൂര്‍ ജില്ലാ സംഗമത്തിന് വേദി ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ ജോസ്