അമേരിക്കയില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണം നടത്തി
Thursday, July 10, 2014 8:10 AM IST
വാഷിംഗ്ടണ്‍: ശ്രദ്ധേയമായ അനവധി ചിത്രങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ അന്തരിച്ച പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് വിക്ടര്‍ ജോര്‍ജിനെ അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ അനുസ്മരിച്ചു.

വാഷിംഗ്ടണ്‍ ഡിസിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ അമേരിക്കന്‍ മലയാളികളെ കൂടാതെ ഹ്രസ്വ സന്ദര്‍ശനം നടത്തിയ കേരളത്തിലെ പ്രമുഖരും പങ്കെടുത്തു.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുളള വെളളിയാനി മലയിലെ മലയിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും രൌദ്രഭാവം ഉളവാക്കുന്ന ദൃശ്യങ്ങള്‍ സാഹസികമായി ചിത്രീകരിക്കുന്നതിനിടെയാണ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പുളള ഒരു ജൂലൈ ഒമ്പതിന് വിക്ടറിന്റെ ജീവന്‍ നഷ്ടപ്പെട്ടത്.

സാധാരണ ആംഗിളുകളില്‍ വിക്ടര്‍ തൃപ്തനായിരുന്നില്ല. വാര്‍ത്താ ചിത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്നതിലായിരുന്നു വിക്ടര്‍ ഏറെ ശ്രദ്ധിച്ചിരുന്നത്. പൂര്‍ണതയ്ക്കുവേണ്ടി ഏതു ത്യാഗത്തിനും സാഹസികതയ്ക്കും വിക്ടര്‍ തയാറായിരുന്നു. പ്രകൃതിയോടും സമസൃഷ്ടികളോടും ഉളള കരുതല്‍ ലോകത്തെ കാമറാ കണ്ണിലൂടെ കാണാന്‍ ശ്രമിച്ച വിക്ടര്‍ ചിത്രങ്ങളില്‍ എന്നും പ്രതിഫലിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.

മഴയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്താന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ചിത്രീകരിച്ച വിക്ടറിന്റെ പ്രശസ്തമായ കേരളത്തിന്റെ മണ്‍സൂണ്‍ ചിത്രങ്ങളുടെയും വിവിധ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മറ്റു വാര്‍ത്താ ചിത്രങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

സന്തോഷ് ഏബ്രഹാം (ഫിലാഡല്‍ഫിയ) അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഹൌസിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ അഡ്വ. എം. ഇബ്രഹിം കുട്ടി, കേരള സംസ്ഥാന ഹൌസ് ഫെഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗീവര്‍ഗീസ് ചാക്കോ വര്‍ഗീസ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി