ആത്മദീപ്തിയും ലിവ് ഇന്‍സ്പേഡ് ആള്‍വേസും പ്രകാശനം ചെയ്തു
Thursday, July 10, 2014 8:08 AM IST
കൊച്ചി: ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ തരംഗിണിക്കുവേണ്ടി ഗാനരചയിതാവും പ്രഭാഷകനുമായ ഫാ.ജോണ്‍ പിച്ചാപ്പിള്ളി രചിച്ചു ചലച്ചിത്ര സംഗീതസംവിധായകനായ ശ്യം സംഗീതം പകര്‍ന്ന ആത്മദീപ്തി ക്രൈസ്തവ ഭക്തിഗാന ആല്‍ബത്തിന്റെ ഉദ്ഘാടനം എറണാകുളം ഗ്രാന്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

ഫാ. പിച്ചാപ്പിള്ളിയുടെ ലേഖനസമാഹാരമായ ലിവ് ഇന്‍സ്പേഡ് ഓള്‍വേയ്സ് എന്ന പുസ്തകത്തിന്റെ പ്രകാശനവും തദവസരത്തില്‍ നടന്നു. ഡോ.കെ.ജെ. യേശുദാസ്, ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ്, ബിഷപ് തോമസ് കെ.ഉമ്മന്‍, ജോണ്‍ പോള്‍, ലീലാ മേനോന്‍, ക്യാപ്റ്റന്‍ രാജു, ഫാ. ജോണ്‍ പിച്ചാപ്പിള്ളി, ഫാ. ജോ എരുക്കാട്ട്, വിജയ് യേശുദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

ഫാ. പിച്ചാപ്പിള്ളിയുടെ രചനയില്‍ പിറന്ന ആത്മദീപ്തി ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് യേശുദാസും വിജയ് യേശുദാസുമാണ്. ആത്മീയതയുടെ പ്രത്യക്ഷ അനുഭവസാക്ഷ്യംപോലെ ശ്യാമിന്റെ സംഗീതവും.

പ്രമുഖ പ്രസാധകശാലയായ സെന്റ് പോള്‍സ് പബ്ളിക്കേഷന്‍സ് പ്രസാധനം ചെയ്ത ലിവ് ഇന്‍സ്പേഡ് ഓള്‍വേയ്സ് എന്ന പുസ്തകത്തിന്റെ ഉള്ളടക്കം ചൈതന്യവത്തായ ആധ്യാത്മിക ആശയങ്ങള്‍ക്കൊണ്ടും ദര്‍ശനപരവും മൂല്യബോധനാത്മകപരവുമായ ചിന്തകള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. ഇംഗ്ളീഷില്‍ എഴുതിയ ഈ പുസ്തകത്തില്‍ ഏവരേയും കര്‍മോന്മുഖരാക്കുന്നതും പ്രചോദനാത്മകവുമായ കഥകളും ഉപന്യാസങ്ങളും സന്ദേശങ്ങളുമാണുള്ളത്. 320 പേജുകളുള്ള ഈ ഗ്രന്ഥത്തിന്റെ രചനാശൈെലി ലളിതവും ചേതനാപൂര്‍ണവുമാണ്. ഫാ. പിച്ചാപ്പിള്ളിയുടെ ആദ്യ പുസ്തകം മുംബെ സെന്റ് പോള്‍സ് പബ്ളീഷ് ചെയ്ത ടേബിള്‍ ഓഫ് ദ് വേഡ് ആണ്.

യേശുദാസ് പാടിയ തിരുപാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, ആത്മധ്യാനം, ആത്മദീപ്തി തുടങ്ങിയ ക്രിസ്തീയ ആല്‍ബങ്ങളുടെ രചയിതാവായ ഫാ. പിച്ചാപ്പിള്ളിക്ക് അന്താരാഷ്ട്ര മലയാളവേദിയുടെ 2007ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കാനഡയിലെ നോവാസ്കോഷ്യ സംസ്ഥാന ഗവണ്‍മെന്റ് 2012ലും 2013ലും അദ്ദേഹത്തിനെ ആദരിച്ചു. ഇടുക്കി തോക്കുപാറ സ്വദേശിയായ ഫാ. പിച്ചാപ്പിള്ളി 20 വര്‍ഷമായി കാനഡയിലെ ഇസ്റേണ്‍ പാസേജ് സെന്റ് ആന്‍ഡ്രൂസ് ദേവാലയ വികാരിയാണ്.

ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുമായി ബന്ധപ്പെടുവാന്‍: 9024656063, ഷീവിശാമവേലം@വീാമശഹ.രീാ

റിപ്പോര്‍ട്ട്: ബിനോയ് സെബാസ്റ്യന്‍