ബ്രസീലിന്റെ പരാജയം ഉള്‍ക്കൊള്ളാനാവാതെ പ്രവാസികളും
Wednesday, July 9, 2014 8:12 AM IST
റിയാദ്: എതിരാളികളെ പോലും അമ്പരപ്പിച്ചതായിരുന്നു ലോകകപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ ബ്രസീല്‍ ടീമിന്റെ ദയനീയ പരാജയം. ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്‍പില്‍ ജര്‍മനി തകര്‍ത്താടുന്നതുകണ്ട ഫുട്ബോള്‍ ആരാധകര്‍ വിറങ്ങലിച്ചു നിന്നു പോയി. ആദ്യ 30 മിനുറ്റിനുള്ളില്‍ അഞ്ചു ഗോളുകള്‍ക്ക് ബ്രസീല്‍ പിന്നിലായി എന്നത് വിശ്വസിക്കാന്‍ അവര്‍ പാടുപെട്ടു.

റിയാദില്‍ പ്രവചന മത്സരങ്ങളും ഫുട്ബോള്‍ ക്വിസ് മത്സരവുമൊക്കെയായി നിരവധി സംഘടനകള്‍ ലോകകപ്പ് ഫുട്ബോള്‍ വലിയ സ്ക്രീനുകളില്‍ കാണാനുള്ള സൌകര്യമൊരുക്കിയിരുന്നു. ഫുട്ബോള്‍ ഭ്രാന്തന്‍മാരെ കൊണ്ട് വീര്‍പ്പു മുട്ടിയ ഓഡിറ്റോറിയങ്ങളിലെല്ലാം പതിവ് ആരവങ്ങള്‍ക്ക് പകരം കളി ആരംഭിച്ച് മിനുറ്റകള്‍ക്കകം ശ്മശാന മൂകത പടര്‍ന്നു. ജര്‍മനിയുടേയും അര്‍ജന്റീനയുടേയും ആരാധകരുടെ ഒറ്റപ്പെട്ട ആരവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബ്രസീലിന്റെ തോല്‍വി എല്ലാവരേയും ശോകമൂകരാക്കിയിരുന്നു. പിന്നീട് കണ്ടത് തങ്ങളുടെ മൊബൈലുകളില്‍ ഫൈസ്ബുക്കിലൂടേയും വാട്ട്സ് ആപ്പിലൂടേയുമുള്ള മെസേജ് വിനിമയങ്ങളായിരുന്നു. ആതിഥേയരായ ബ്രസീലിന് മുന്‍തൂക്കമുണ്ടായിരുന്ന ഈ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ പ്രവാസികളിലേറെയും ബ്രസീല്‍ ടീമിനോടൊപ്പമായിരുന്നു.

ബത്തയിലെ ഷിഫാ അല്‍ ജസീറയിലും സഫാമക്കാ ഓഡിറ്റോറിയത്തിലും ഓരോ കളികളും കാണാന്‍ വന്‍ജനാവലി എത്തിയിരുന്നു. ബ്രസീല്‍ ടീം സെമിഫൈനലില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് പരാജയപ്പെട്ടു എന്നതിനോട് പ്രതികരിക്കാന്‍ പലരും തയാറായില്ല. റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ ബഷീര്‍ ചേലേമ്പ്ര, മുജീബ് ഉപ്പട, മസൂദ് കളത്തില്‍ തുടങ്ങിയവരെല്ലാം ബ്രസീല്‍ ഇത്തവണ കപ്പ് നേടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നവരാണ്. നെയ്മറുടേയും ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടേയും അസാന്നിധ്യമാണ് പരാജയകാരണമെന്നും അത് താത്കാലികമാണെന്നും ആശ്വസിക്കുകയാണ് അവര്‍.

ജര്‍മനിയുടെ വലിയ ആരാധകനും മികച്ച ഫുട്ബോള്‍ താരവുമായ വണ്ടൂര്‍ സമീര്‍ പറയുന്നത് നെയ്മര്‍ കളിച്ചിരുന്നെങ്കിലും ബ്രസീല്‍ പരാജയപ്പെടുമായിരുന്നു എന്നാണ്. ജര്‍മ്മന്‍ ടീമിന്റെ കുതിപ്പിന് കടിഞ്ഞാണിടാന്‍ ഇത്തവണ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഒരു ടീമിനും സാധ്യമല്ലെന്നാണ് സമീറിന്റെ അഭിപ്രായം.

രണ്ടാം സെമിഫൈനലില്‍ അര്‍ജന്റീനയുടെ പരാജയം കണക്കു കൂട്ടുന്ന മൊബൈല്‍ ഷോപ്പ് നടത്തിപ്പുകാരനായ നിഷാദ് പാലോളി ലൂസേര്‍സ് ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീനയെ കീഴടക്കി കഴിവു തെളിയിക്കുമെന്ന് പറയുന്നു.

ഏഴല്ല എഴുപത് ഗോളിന് തോറ്റാലും ഞങ്ങളെന്നും ബ്രസീല്‍ ഫാന്‍ ആയിരിക്കുമെന്നാണ് നിഷാദ് പറയുന്നത്. അര്‍ജന്റീന ടീമിനെ നെഞ്ചേറ്റിയ പ്രവാസി ഗായകനായ ഷാജഹാന്‍ എടക്കരക്ക് ബ്രസീലിന്റെ പരാജയത്തിലുള്ള ആഹ്ളാദം അടക്കി വയ്ക്കാനാകുന്നില്ല. ബ്രസീല്‍ ടീം കെട്ടിപ്പൊക്കിയ ഒരു ബിംബമായിരുന്നെന്നും അതാണ് ജര്‍മ്മന്‍ കളിക്കാര്‍ തച്ചുടച്ചതെന്നും കിരിടം അര്‍ജന്റീനക്ക് തന്നെയെന്നും ഷാജഹാന്‍ പറയുന്നു. എല്ലാ കളികളും കാണാന്‍ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തിലുണ്ടാകാറുള്ള ഷഫ്സീര്‍ വേങ്ങാട്ട് ഇടവേളയില്‍ തന്നെ തന്റെ ഇഷ്ട ടീമായ ബ്രസീലിന്റെ പരാജയം തുറന്ന് സമ്മതിച്ചു.

റിഫയും ഫോര്‍ക്കയും ഷിഫ അല്‍ ജസീറയും ലുലുവും ചേര്‍ന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തില്‍ പങ്കെടുക്കാന്‍ ജൂലൈ 12 വരെ സമയമുണ്ട്. കിരീട ജേതാക്കളേയും ടോപ്പ് സ്കോററേയും പ്രവചിക്കാനുള്ള മത്സരത്തില്‍ ഇതിനകം തന്നെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു കഴിഞ്ഞു. ഇതില്‍ ഭൂരിപക്ഷവും ബ്രസീലിനും നെയ്മര്‍ക്കുമായിരിക്കും വോട്ട് നല്‍കിയതെന്ന കാര്യത്തില്‍ സംശയമില്ല. എല്‍ഇഡി ടെലിവിഷനും സ്വര്‍ണനാണയവുമടക്കം നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളുള്ള പ്രവചന മത്സരത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും യാഥാര്‍ഥ്യത്തോട് അടുത്തു വരില്ല എന്നതാണ് സത്യം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍