ഓക്ലാന്‍ഡില്‍ വിശ്വാസ പരിശീലന ക്യാമ്പ് നടത്തി
Wednesday, July 9, 2014 8:09 AM IST
ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ സീറോ മലബാര്‍ മിഷന്‍ സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലെ കുട്ടികള്‍ക്കായി നടത്തിയ ശില്‍പ്പശാല വിശ്വാസ പരിശീലന ക്യാമ്പ് സമാപിച്ചു.

ജൂലൈ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ എല്ലസ്ലി കാത്തലിക് പള്ളിയിലാണ് തുടര്‍ച്ചയാ ഏഴാവര്‍ഷവും ക്യാമ്പ് നടത്തിയത്. 125ഓളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. പ്രാര്‍ഥന, ക്രിസ്തീയ ജീവിതത്തിന്റെ ആധാരശില എന്ന മുഖ്യവിഷയത്തെ ആസ്പദമാക്കി നടന്ന ക്യാമ്പില്‍ പ്രാര്‍ഥന സംബന്ധമായ വിവിധ മേഖലകളെ ആസ്പദമാക്കി ക്ളാസുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു.

സീറോ മലബാര്‍ മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍, ബിജു ജോര്‍ജ്, ജോസ് ജോസഫ്, ലോട്ടസ് റെജി, ലിസ ജോണ്‍സണ്‍, ടീന തോമസ്, ജോയിനി ജോസ്, നിഷി ജോസഫ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

ആക് ഷന്‍ സോംഗുകളും വിവിധ മത്സരങ്ങളും കളികളും മറ്റ് ആക്ടിവിറ്റികളുംകൊണ്ട് സമ്പന്നമായിരുന്നു ക്യാമ്പ്.

സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ക്ളാസുകള്‍ നടത്തിയത്. ഓരോ വിഭാഗത്തില്‍നിന്നും നാലു പേരെ വീതം മികച്ച ക്യാമ്പ് അംഗങ്ങളായി തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കി. മൂന്നു ദിവസങ്ങളിലായി നടന്ന വിവിധ മത്സരങ്ങളില്‍ ജൂലിയന്‍ സെബാസ്റ്യന്റെ നേതൃത്വത്തിലുള്ള ചാവറ ടീം ഒന്നാം സ്ഥാനവും ആമ്പിള്‍ സാബുവിന്റെ നേതൃത്വത്തിലുള്ള എവുപ്രാസ്യ ടീം രണ്ടാം സ്ഥാനവും നേടി. സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ റെജി ചാക്കോ, ഷാലി ക്ളമന്റ്, സ്മിത ഷാജി, ലിജി ടോമി, റിയ കോശി, മേരി പോള്‍, റിനി സജീവ് എന്നീ അധ്യാപകരും യൂത്ത് ഗ്രൂപ്പ് അംഗങ്ങളും മാതാപിതാക്കളും ക്യാമ്പിന് നേതൃത്വം നല്‍കി.

മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി മൂന്നുദിവസം തുടര്‍ച്ചയായി നടന്ന ദിവ്യകാരുണ്യ ആരാധന ക്യാമ്പിന്റെ വന്‍വിജയത്തിന് ശക്തിസ്രോതസായി.

സണ്‍ഡേ സ്കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ജൂലൈ 20ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. 27ന് വൈകുന്നേരം 4.30ന് അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷമായ പാട്ടുകുര്‍ബാനയും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്വിസ് ഫൈനല്‍ ഓഗസ്റ് മൂന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30ന് നടക്കും.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍