റാഷിദ് ഗസാലിയുടെ റമദാന്‍ പ്രഭാഷണം ജൂലൈ 16 മുതല്‍
Wednesday, July 9, 2014 8:07 AM IST
ജിദ്ദ: 'സൈന്‍' മാനവവിഭവ ശേഷി കേന്ദ്രം ഡയറക്ടറും പ്രമുഖ ട്രെയിനറുമായ റാഷിദ് ഗസാലി കൂളിവയലിന്റെ ത്രിദിന റമദാന്‍ പ്രഭാഷണം ജൂലൈ 16, 17, 18 തീയതികളില്‍ ജിദ്ദയില്‍ നടക്കുമെന്ന് സംഘാടക സിമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്നു ദിനങ്ങളിലായി യഥാക്രമം 'വ്യക്തി', 'കുടുംബം', 'സമൂഹം' എന്നീ വിഷയങ്ങളില്‍ രാത്രി 11.30 മുതല്‍ 1.30 വരെ ശറഫിയ ഇംപാല ഗാര്‍ഡനില്‍ പ്രഭാഷണം നടക്കും. രണ്ടാം തവണയാണ് റാഷിദ് ഗസാലിയുടെ റമദാന്‍ പ്രഭാഷണം ജിദ്ദയില്‍ നടക്കുന്നത്. ഇത്തവണ സ്ത്രീകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രത്യേക സൌകര്യമൊരുക്കുമെന്നും എല്ലാവര്‍ക്കും അത്താഴം നല്‍കുമെന്നും സംഘാടക സമിതി അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി സൈന്‍ ഭാരവാഹികളും വിവിധ സംഘടനാ നേതാക്കളുമടങ്ങിയ 51 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. കെ.പി മുഹമ്മദ് കുട്ടി, വി.പി മുഹമ്മദലി, ആലുങ്ങല്‍ മുഹമ്മദ്, അഹമ്മദ് പാളയാട്ട്, അബ്ദുള്‍ മജീദ് നഹ, വി.കെ റൌഫ്, ഡോ.ഇസ്മായില്‍ മരിതേരി, സിദ്ദീഖ് എന്നിവര്‍ രക്ഷാധികാരികളാണ്.

വി.പി ഹിഫ്സുറഹ്മാന്‍ ചെയര്‍മാനും സലാഹ് കാരാടന്‍ ജനറല്‍ കണ്‍വീനറുമാണ്. വി.പി ഹിഫ്സുറഹ്മാന്‍, സലാഹ് കാരാടന്‍, അനസ് പരപ്പില്‍, അഷ്റഫ് പൊന്നാനി, റഷീദ് വരിക്കോടന്‍, അഡ്വ. കെ.എച്ച്.എം മുനീര്‍, എന്‍.എം ജമാല്‍, സുല്‍ത്താന്‍ തവനൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍