'ഖുര്‍ആന്‍ വിളിക്കുന്നു' പ്രഭാഷണം ജൂലൈ 11 ന്
Wednesday, July 9, 2014 8:07 AM IST
അബുദാബി: യുഎഇ പ്രസിടഡന്റ് ഹിസ് ഹൈനസ് ഷേഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ റമദാന്‍ അതിഥിയായി യുഎയിലെത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സി. മുഹമ്മദ് ഫൈസിയുടെ ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തിലുള്ള റമദാന്‍ പ്രഭാഷണം ജൂലൈ 11ന് (വെള്ളി) രാത്രി 10ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

പരിപാടിയില്‍ അഖിലേന്ത്യാ ജംഇയ്യതുല്‍ ഉലമ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, സുന്നി യുവജന സംഘം സെക്രട്ടറി പേരോട് അബ്ദു റഹ്മാന്‍ സഖാഫി, എം.എ യുസുഫലി തുടങ്ങിയര്‍ സംബന്ധിക്കും.

റമദാന്‍ ആദ്യ ദിവസം എത്തിയ സി. മുഹമ്മദ് ഫൈസി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണം നടത്തി വരികയാണ്. അതിന്റെ ഭാഗമായാണ് അബു ദാബിയിലും പരിപാടികള്‍ സംഘടിപ്പിക്കപെട്ടിട്ടുള്ളത്. മലയാളികളായ ആയിരക്കണക്കിനു ആളുകള്‍ വിവിധ പള്ളികളില്‍ ഇതുവരെ നടന്ന പ്രഭാഷണം ശ്രവിക്കാന്‍ എത്തി ചേര്‍ന്നിരുന്നു. നാട്ടിലും വിദേശത്തുമായി നൂറുക്കണക്കിനു ഖുര്‍ആന്‍ പ്രഭാഷണ വേദികളിലെ സാന്നിധ്യമായ സി. മുഹമ്മദ് ഫൈസി മര്‍കസ് ജനറല്‍ മാനേജര്‍ കൂടിയാണ്.

എല്ലാ വര്‍ഷവും റമദാനില്‍ വിവിധ രാജ്യങ്ങളിലെ പണ്ഡിതരെയും പ്രഭാഷകരെയും പ്രസിഡന്റിന്റെ അതിഥിയായി ക്ഷണിക്കാറുണ്ട്. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ തവണ സയിദ് ഇബ്രഹിമുല്‍ ബുഖാരി, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, അബ്ദു സമദ്സമദാനി തുടങ്ങിയര്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി വന്നിരുന്നു. വിവിധ ഭാഷകളില്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ വിദേശികളെയും സ്വദേശികളെയും ഒരു പോലെ ആകര്‍ഷിക്കപെടുന്നുണ്ട്.

പരിപാടിയുടെ വിജയത്തിനായി പ്രചാരണ പ്രവര്‍ത്തങ്ങള്‍, ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി വരികയാണെന്ന് സ്വാഗതസംഘം കണ്‍വീനര്‍ പറഞ്ഞു. പരിപാടി ശ്രവിക്കാന്‍ കുടുംബങ്ങള്‍ക്കും പ്രത്യേക സൌകര്യം ഒരുക്കിയിട്ടുണ്ട്.