സാഹോദര്യത്തിന്റെ ഉദാഹരണമായി ജനകീയ ഇഫ്താര്‍ സംഗമം
Tuesday, July 8, 2014 6:47 AM IST
റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റമദാന്‍ മുഴുവന്‍ ദിവസങ്ങളിലുമായി ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് നോമ്പുതുറക്കാനുള്ള സൌകര്യം ഒരുക്കി സര്‍വര്‍ക്കും മാതൃകയായിരിക്കുന്നു.

ഇഫ്താറിനെത്തുന്ന മുഴുവനാളുകളെയും അതിഥികളായി സ്വീകരിച്ചിരുത്തുകയും വിരുന്ന് സല്‍ക്കരിക്കുകയും ചെയ്യുന്നതിലുള്ള കൃത്യനിഷ്ഠതയും സൂക്ഷ്മതയും പ്രശംസനീയമാണ്. കഴിഞ്ഞ ദിവസം ഇഫ്താറില്‍ പങ്കെടുക്കാനെത്തിയ റിയാദിലെ പൌര പ്രമുഖരെയും വാര്‍ത്താമാധ്യമ രംഗത്തെ സമുന്നതരെയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രവര്‍ത്തകരേയും സെന്റര്‍ ഓഡിറ്റോറിയത്തിലും പരിസരങ്ങളിലും പ്രത്യേക സൌകര്യമൊരുക്കിയാണ് സംഘാടകര്‍ അതിഥികളായി സ്വീകരിച്ചത്.

കഠിനമായ പകല്‍ ചൂടില്‍ കഠിനാധ്വാനം ചെയ്യുന്ന നൂറുക്കണക്കിന് പ്രവാസികള്‍ക്ക് റിയാദിന്റെ ഹൃദയ ഭാഗത്ത് ബത്തയില്‍ ഒരുക്കിയ ഇഫ്താര്‍ പന്തല്‍ വലിയ ആശ്വാസവും സൌകര്യവുമാണ്. അക്കാരണത്താല്‍ തന്നെ ഇഫ്താറിന് വേണ്ടി മാത്രമല്ല, ആത്മീയ നിര്‍ദ്ദേശങ്ങളും വൈജ്ഞാനിക വിഭവങ്ങളും സ്വായത്തമാക്കുവാനായി വളരെ നേരെത്തെ തന്നെ വിശ്വാസികള്‍ കൂട്ടമായി സെന്ററില്‍ എത്തുകയും ചെയ്യുന്നു.

അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് സെന്ററിന്റെ ഇഫ്താര്‍ വിരുന്ന് ധന്യമാക്കുന്നതിന് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുന്ന ഫ്ളീറിയാ ഗ്രൂപ്പ്, ഷിഫ അല്‍ ജസീറ പോളിക്ളിനിക്, ന്യൂസഫ മക്ക പോളിക്ളിനിക് ലുലു ഹൈപര്‍ മാര്‍ക്കറ്റ്, മലബാര്‍ ജ്വല്ലറി എന്നിവരുടെ പ്രത്യേകം താല്‍പര്യവും ജനങ്ങളുടെ സഹകരണവും വോളന്റിയര്‍ വിംഗിന്റെ സേവന മനസ്ഥിതിയുമാണ് ജനകീയ ഇഫ്താര്‍സംരംഭം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാന്‍ സെന്ററിനെ സഹായിക്കുന്ന ഘടകങ്ങള്‍.

ഇഫ്താറിനെത്തുന്നവര്‍ക്ക് റിയാദിലെ വിവിധ ദഅ്വാ സെന്ററുകളില്‍ റമളാനിനോടനുബന്ധിച്ച് നടത്തുന്ന വൈജ്ഞാനിക മത്സരങ്ങളുടെ കിറ്റ് സെന്ററില്‍ നിന്നും വിതരണം ചെയ്യുന്നു. ഖുര്‍ആന്‍ പഠനത്തിന് പ്രവാസികള്‍ക്കിടിയില്‍ പ്രഥമമായി തുടക്കം കുറിച്ച ലളിതമായ പഠന പദ്ധതിയായ ലേണ്‍ ദി ഖുര്‍ആന്‍ പതിനഞ്ചാംഘട്ട പരിഭാഷ അമ്പത് ശതമാനം ഡിസ്കൌണ്ടില്‍ ധാരാളം ആളുകള്‍ വളരെ താല്‍പര്യത്തോടെ കൌണ്ടറില്‍ നിന്ന് സ്വീകരിക്കുന്നു. പ്രഗല്‍ഭ പണ്ഡിതന്‍മാര്‍ നടത്തുന്ന മാര്‍ഗദര്‍ശന, തസ്കിയത്ത് ക്ളാസുകളില്‍ ജനങ്ങള്‍ പങ്കെടുക്കുന്നു. റഹ്മാന്‍ സ്വലാഹി, അബൂബക്കര്‍ എടത്തനാട്ടുകര എന്നിവര്‍ ഉത്ബോധന പ്രസംഗം നടത്തി. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.ഐ.ജലാല്‍ സ്വാഗതവും അബ്ദുള്ള ജമാലി നന്ദിയും പ്രകാശിപ്പിച്ചു.

അബ്ദുറസാഖ് സ്വലാഹി, അഡ്വ.അബ്ദുല്‍ ജലീല്‍, റ്റി.കെ. നാസര്‍, ഫസ്ലുല്‍ ഹഖ് ബുഖാരി, ഹുസന്‍ എം.ഡി, അബ്ദുള്‍ വഹാബ് പാലത്തിങ്കല്‍, അബ്ദുള്‍ അസീസ് കോട്ടക്കല്‍ ,മുജീബു റഹ്മാന്‍ ഇരുമ്പുഴി, മര്‍സൂഖ് ടി.പി. എന്നിവര്‍ നേതൃത്വം നല്‍കി.

ഇഫ്ത്താറിനോടനുബന്ധിച്ച് സെന്റര്‍ നടത്തുന്ന സൌജന്യ ഉംറ ട്രിപ്പ് ഈ ആഴ്ചമുതല്‍ ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ സെന്ററിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍