വ്രതശുദ്ധിയുടെ നിറവില്‍ യൂത്ത് ഇന്ത്യ ഇഫ്ത്താര്‍ സമ്മേളനം
Tuesday, July 8, 2014 6:47 AM IST
കുവൈറ്റ് സിറ്റി: ആരാധനകളിയൂടെയും പ്രാര്‍ഥനകളിലൂടെയും സ്രഷ്ടാവിനോട് കൂടുതല്‍ അടുക്കുന്നതോടൊപ്പം ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോഴാണ് ആത്മീയത സമ്പൂര്‍ണമാകുതെന്ന് മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ.ആര്‍ യൂസുഫ് പറഞ്ഞു.

യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച ഇഫ്ത്താര്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറാഗുഹയില്‍ പ്രവാചകലബ്ദിക്കുശേഷവും മുഹമ്മദ് നബി ജനങ്ങളുടെ ഇടയിലാണ് ജീവിച്ചത്. കേവലാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ചുരുങ്ങിയ മതത്തെയല്ല, സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെല്ലാം ഇടപെട്ടിരുന്ന ഒരു ജീവിതവ്യവസ്ഥയെയാണ് പ്രവാചകന്‍ പഠിപ്പിച്ചത്. മതത്തിലെ ജീര്‍ണതകള്‍ക്കെതിരെയും മതത്തെ ചൂഷണം ചെയ്ത് ദുരുപയോഗം ചെയ്ത പൌരോഹിത്യത്തിനെതിരെയും പോരാടിയ ചരിത്രമാണ് മറ്റു പ്രവാചകന്‍മാരുടെ ജീവിതത്തിലും കാണാന്‍ സാധിക്കുക. മര്‍ദ്ദകരും ധിക്കാരികളുമുള്‍പ്പെടുന്ന വ്യവസ്ഥിതികള്‍ക്കെതിരെ പോരാടുകയെന്നതും മര്‍ദ്ദിതരോടൊപ്പം നിലകൊള്ളുന്നതും വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖൈത്താന്‍ അല്‍ഗാനിം മസ്ജിദില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ സമ്മേളനം കെഐജി പ്രസിഡന്റ് കെ.എ സുബൈര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ കുവൈറ്റ് പ്രസിഡന്റ്് റഫീഖ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി.കെ ജമാല്‍, ഫൈസല്‍ മഞ്ചേരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. ഖാലിദ് അബ്ദുള്ള അല്‍ സബ, അനസ് ഖാലിദ് അല്‍ ഖലീഫ, മുഹമ്മദലി, ഈസാ അല്‍ ഊദ് എന്നീ അറബ് പ്രമുഖര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു.

മുഹമ്മദ് ബാസില്‍ ഹബീബ് ഖുര്‍ആന്‍ പാരായണവും സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ സമാപനപ്രസംഗവും പ്രാര്‍ഥനയും നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാഫി പി.ടി സ്വാഗതമാശംസിച്ചു. പ്രോഗ്രാം കവീനര്‍ നജീബ് സി.കെ സമ്മേളനത്തിന് മേല്‍നോട്ടം വഹിച്ചു. ഇഫ്ത്താര്‍ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍