കുവൈറ്റ് മുന്‍ എംപി മുസല്ലം ബറാക്കിന് ജാമ്യം
Tuesday, July 8, 2014 6:46 AM IST
കുവൈറ്റ് : രാജ്യത്തെ നിയമ വ്യവസ്ഥക്കെതിരെയും കോടതിക്കെതിരെയും മോശമായ പ്രസ്താവനകള്‍ നടത്തിയതിനെത്തുടര്‍ന്ന് തടവിലാക്കപ്പെട്ട പ്രതിപക്ഷ നിരയിലെ പ്രമുഖനും മുന്‍ എംപിയുമായ മുസല്ലം ബറാക്കിനെ ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ ബുധനാഴ്ച അറസ്റ് ചെയ്ത ബറാക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുവൈറ്റ് സിറ്റിയില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു.

ഇറാദ സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ സുപ്രീം കോടതി ചീഫ് ജസ്റിസും ഭരണഘടനാ കോടതി മേധാവിയുമായ ഫൈസല്‍ മുര്‍ഷിദിനെതിരെ ആരോപണം ഉന്നയിക്കുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് മുന്‍ പാര്‍ലമെന്റ് അംഗവും പ്രതിപക്ഷ കൂട്ടായ്മയിലെ പ്രമുഖ നേതാവുമായ മുസല്ലം അല്‍ബര്‍റാകിനെ പത്ത് ദിവസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിറക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം കസ്റഡിയിലെടുത്ത ബര്‍റാകിനെ തെളിവെടുപ്പിനായി പബ്ളിക് പ്രോസിക്യൂഷന് മുമ്പില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിനെതുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അഹ്മദ് സഅ്ദൂന്‍ സ്പീക്കറായ പ്രതിക്ഷ ഇസ്ലാമിക കക്ഷികള്‍ക്ക് മുന്‍തൂക്കമുള്ള മുന്‍ പാര്‍ലമെന്റിനെ മരവിപ്പിക്കുന്ന തരത്തില്‍ ഉത്തരവിറക്കാന്‍ ചീഫ് ജസ്റീസ് പണംപറ്റിയെന്നും മറ്റു ന്യായാധിപന്മാര്‍ ഇതിന് കൂട്ടുനിന്നുവെന്നും വ്യാജ ആരോപണം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം തന്റെ പ്രസംഗം രാജ്യത്തെ നിയമ വ്യവസ്ഥയെയോ കോടതിയെയോ അവഹേളിക്കുന്നതല്ലെന്നും വിശദീകരിച്ചു. 5000 കുവൈറ്റ് ദിനാര്‍ ജാമ്യത്തിലാണ് മുസല്ലം ബറാക്കിനെ വിട്ടയച്ചിരിക്കുന്നത്. ബറാക്കിന് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കുവൈറ്റ് സിറ്റിയില്‍ വൈകുന്നേരം നടത്താനിരുന്ന പ്രതി പക്ഷ റാലി മാറ്റിവച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍