വേള്‍ഡ് മലയാളി കൌണ്‍സില്‍ ജന്മദിനം ആഘോഷിച്ചു
Monday, July 7, 2014 8:19 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ 19-ാം ജന്മദിനം ആഘോഷിച്ചു.

1995 ല്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ജന്മം കൊണ്ട വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ 48-ാമത് പ്രൊവിന്‍സാണ് അയര്‍ലന്‍ഡിലേത്.

അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ് ഫോര്‍ ഈസ്റ്, ഓസ്ട്രേലിയ, ഇന്ത്യ റീജിയണുകളിലായി 53 പ്രൊവിന്‍സ് കൌണ്‍സിലിനുണ്ട്. മൂന്നു മാസത്തിനകം 10 പുതിയ രാജ്യങ്ങളില്‍കൂടി പ്രൊവിന്‍സ് ആരംഭിക്കാന്‍ നടപടിയായിട്ടുണ്ട്.

അയര്‍ലന്‍ഡ് പ്രൊവിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയില്‍ യൂറോപ്യന്‍ റീജിയണ്‍ ചെയര്‍മാന്‍ ഷൈജു ജോസഫ് കേക്ക് മുറിച്ച് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ ഫോണ്‍വഴി ജന്മദിന സന്ദേശം നല്‍കി.

ഓഗസ്റ് ഏഴു മുതല്‍ 10 വരെ കുമരകത്ത് നടക്കുന്ന ഗ്ളോബല്‍ കണ്‍വന്‍ഷനില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് ഭാരവാഹികള്‍ പങ്കെടുക്കും. ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, പ്രൊവിന്‍സ് പ്രസിഡന്റ് ദീപു പുലിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.