സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രവാസി എക്സ്പ്രസിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ പ്രൌഡഗംഭീരമായ പരിപാടികളോടെ ആഘോഷിച്ചു. ജൂലൈ അഞ്ചിന് (ശനി) ഓര്‍ച്ചാഡ് റോഡിലെ നെക്സസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ അവാര്‍ഡ് ദാനം, സംഗീത, നൃത്ത, വിരുന്ന് തുടങ്ങിയ പരിപാടികളുമായാണ് പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 അരങ്ങേറിയത്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഗോപിനാഥ് പിള്ള, ഹൈക്കമ്മീഷന് ഫസ്റ് സെക്രട്ടറി ബാബു പോള്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു. പ്രവാസി എക്സ്പ്രസ് ചീഫ് രാജേഷ്കുമാര്‍, ജനറല്‍ മാനേജര്‍ എ.ആര്. ജോസ്, അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമൂഹത്തിലെ വിവിധ തുറകളില്‍ വിശിഷ്ട സേവനം കാഴ്ചവച്ച വ്യക്തികള്‍ക്കായുള്ള, അവാര്‍ഡ് ദാനമാണ് ആദ്യം നടന്നത്.
മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന് (ലൈഫ് ടൈം അച്ചീവ്മെന്റ്), മലേഷ്യന്‍ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ തന്‍ശ്രീ ദത്തുക്, രവീന്ദ്രന് മേനോന് (മലയാളി രത്ന), തെന്നിന്ത്യയിലെ സൂപ്പര്‍ താരം പ്രിയാമണി (യൂത്ത് ഐക്കണ്‍), സിംഗപൂരിലെ സാഹിത്യകാരനും കവിയുമായ എം.കെ. ഭാസി (സാഹിത്യ പുരസ്കാരം), സിംഗപ്പൂരിലെ മലയാളി വ്യവസായി രജു കുമാര്‍ (യംഗ് എന്റര്‍പ്രണര്‍), മലയാളിയും കോര്‍പ്പറേറ്റ് 360 എന്ന ഐടി കമ്പനി സ്ഥാപകനുമായ വരുണ്‍ ചന്ദ്രന് (യംഗ് അച്ചീവര്‍), ബാംഗളൂരിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ക്രിസ്റല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും മലയാളിയുമായ ലത നമ്പൂതിരി (വനിതാ രത്ന), വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ അലക്സാണ്ടര്‍ വടക്കേടം (ബിസിനസ് എക്സലന്‍സ്), ചിത്രകാരി അഞ്ജലി ജോര്‍ജ് (റൈസിംഗ് സ്റാര്‍ ഓഫ് ദി ഈയര്‍) എന്നിവരാണ് പ്രവാസി എക്സ്പ്രസ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.
തുടര്‍ന്ന് പ്രവാസി എക്സ്പ്രസ് എഡിറ്റോറിയല്‍ അവാര്‍ഡുകളും വിതരണം ചെയ്തു. തുടര്‍ന്ന്, ഭാവഗായകന് പി ജയചന്ദ്രന്റെ നേതൃത്വത്തില്‍ രാഗേഷ് ബ്രഹ്മാനന്ദന്, കേരളത്തിന്റെ പുതിയ വാനമ്പാടി ചന്ദ്രലേഖ, സ്നേഹജ തുടങ്ങിയവര്‍ പങ്കെടുത്ത സംഗീത വിരുന്ന്, ഗായത്രി ദേവിയുടെ മോഹിനിയാട്ടം, അഭിനേത്രി പ്രിയാമണിയും സിംഗപ്പൂരിലെ മലയാളി നര്‍ത്തകരും ചേര്‍ന്നവതരിപ്പിച്ച ഫ്യുഷന് ഡാന്‍സ് എന്നിവ വേദിയില്‍ അരങ്ങേറി.