ഖുറൈസ് വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിദ്ദീഖ് നാടണഞ്ഞു
Monday, July 7, 2014 7:47 AM IST
റിയാദ്: ജൂണ്‍ ആറിന് ഖുറൈസ് റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദിലെ പ്രിന്‍സ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കൊണ്േടാട്ടി സ്വദേശി സിദ്ദീഖ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു.

റിയാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നടന്ന അപകടത്തില്‍ കൂടെ യാത്ര ചെയ്തിരുന്ന രണ്ടു പേര്‍ തല്‍ക്ഷണം മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ എയര്‍ ആംബുലന്‍സിലാണ് റെഡ് ക്രസന്റ് ഉദ്യോഗസ്ഥര്‍ റിയാദിലെത്തിച്ചത്. പത്ത് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിദ്ദീഖിന് ഏഴ് ഓപ്പറേഷനുകളും നടത്തിയിരുന്നു.

പ്രിന്‍സ് സല്‍മാന്‍ ആശുപത്രിയിലെ ഡോ. അഹ്മദ് സബാഗ്, ഡോ. അംറ് ആരിഫ് എന്നിവരുടെ നേതൃത്വത്തില്‍ കഠിന പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ബന്ധുക്കളേയും സാമൂഹ്യ പ്രവര്‍ത്തകരേയും നിരാശപ്പെടുത്തി സിദ്ദീഖിന്റെ വലതു കാല്‍ തുടയുടെ ഭാഗത്തു നിന്നും മുറിച്ചു നീക്കേണ്ടി വന്നു. ചികിത്സാ സമയത്ത് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാല്‍പ്പത് കുപ്പി രക്തവും നല്‍കേണ്ടി വന്നു. ഇസ്ലാമിക് കള്‍ച്ചറല്‍ ഫൌണ്േടഷന്റെ സാന്ത്വനം പ്രവര്‍ത്തകരാണ് രക്തം നല്‍കിയത്. ആശുപത്രിയിലുള്ള മലയാളി നഴ്സുമാരുടേയും സേവനം ഏറെ പ്രശംസനീയമായിരുന്നെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

വ്യാപാരാവശ്യങ്ങള്‍ക്കായി റിയാദില്‍ വന്ന സിദ്ദീഖും സുഹൃത്തുക്കളും റിയാദില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങി മടങ്ങുംവഴിയാണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് ഭാര്യമാരിലായി ഏഴ് മക്കളുള്ള സിദ്ദീഖിന് പ്രവാസ ജീവിതത്തിനിടയില്‍ സ്വന്തമായി ഒരു വീട് പോലും പണിയാന്‍ സാധിച്ചിട്ടില്ല. ജുബൈലില്‍ പോലീസ് ഉദ്യോഗസ്ഥനായ സ്പോണ്‍സര്‍ മുഹമ്മദ് ഫളീല്‍ റിയാദിലെത്തി സിദ്ദീഖിനെ സന്ദര്‍ശിച്ചിരുന്നു. സിദ്ദീഖിന്റെ സഹായങ്ങള്‍ക്കായി ഐസിഎഫ്, ആര്‍എസ്സി പ്രവര്‍ത്തകരായ ജലീല്‍ മാട്ടൂല്‍, മുജീബ് അണ്േടാണ എന്നിവരോടൊപ്പം നാട്ടുകാരായ സയിദ് കരിപ്പൂര്‍, റാഫി, ഹംസ എന്നിവരുമുണ്ടായിരുന്നു.

സഹോദരിയുടെ മകന്‍ ആരിഫ്, സിദ്ദീഖിനെ നാട്ടിലേക്ക് അനുഗമിച്ചു. നാട്ടിലെത്തിയ സദ്ദീഖിനെ പെരിന്തല്‍മണ്ണയിലെ അല്‍ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍