ലിവര്‍പൂളില്‍ സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി
Monday, July 7, 2014 7:42 AM IST
ലിവര്‍പൂള്‍: മാര്‍ത്തോമ ശ്ളീഹായുടെ ദുക്റാന തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ തിരുനാളും സംയുക്തമായി ആഘോഷിച്ചു.

ഹോളിനെയിം ചര്‍ച്ചില്‍ നടന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് കുഴിപറമ്പിലും ഫാ. ജോഷ് കുരീതടവും മുഖ്യകാര്‍മികത്വം വഹിച്ചു.

തണുപ്പും മഴയും മാറിനിന്ന അന്തരീക്ഷത്തില്‍ താലങ്ങളില്‍ പൂക്കളും ദീപങ്ങളുടെയും അകമ്പടിയോടെ കാര്‍മികരെ അള്‍ത്താരയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഭക്തിസാന്ദ്രമായ ഗാനങ്ങളുടെ അകമ്പടിയോടെ ദേവാലയത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വെഞ്ചരിപ്പും പ്രസുദേന്തി വാഴ്വും നടന്നു. ആഘോഷമായ തിരുനാള്‍ കുര്‍ബാന വിശ്വാസികളെ ഭക്തിയുടെ ആത്മീയതയിലേക്ക് ഉയര്‍ത്തി. ഫാ. ജോഷ് കരീത്തടം തിരുനാള്‍ സന്ദേശം നല്‍കി. ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം വിശ്വാസമാണെന്നും വിശുദ്ധന്മാരുടെ ജീവിതം ഈ കാലഘട്ടത്തിലും നമുക്ക് പ്രത്യാശയും വഴികാട്ടിയും ആണെന്ന് ഫാ. ജോഷ് കരീത്തടം വിശ്വാസികളെ ഓര്‍മപ്പെടുത്തി. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് ആഘോഷമായ പ്രദക്ഷിണത്തിലും നേര്‍ച്ച വിതരണത്തിലും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് എടുക്കുന്നതിനും അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

തിരുനാളിന് സഹകരിച്ച എല്ലാവര്‍ക്കും ടോം തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്