ആല്‍ബര്‍ട്ട് വിജയനും കാരൂര്‍ സോമനും സിസിലി ജോര്‍ജിനും ലണ്ടന്‍ മലയാള സാഹിത്യവേദി പുരസ്കാരം
Monday, July 7, 2014 7:39 AM IST
ലണ്ടന്‍: യുകെയിലെ കലാ-സാംസ്കാരിക രംഗത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്കാരത്തിന് പ്രമുഖ സംഗീതജ്ഞന്‍ ആല്‍ബര്‍ട്ട് വിജയനും സാമൂഹിക പ്രവര്‍ത്തകയും സാഹിത്യകാരിയുമായ സിസിലി ജോര്‍ജും അര്‍ഹരായി.

മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമനും അര്‍ഹനായി.

ജൂലൈ 19ന് വൈകുന്നേരം അഞ്ചിന് എന്‍ഫീഡിലെ പോദേഴ്സ് ബാറിലെ സെന്റ് ജോണ്‍സ് മെതഡിസ്റ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. പ്രമുഖ സംഗീതജ്ഞന്‍ ജയന്‍ (ജയവിജയ) മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രമുഖ കലാകാരന്‍ മനോജ് ശിവ നേതൃത്വം നല്‍കുന്ന വിബീറ്റ്സ് അവതരിപ്പിക്കുന്ന മധുരിമ എന്ന സംഗീത പരിപാടി ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

എന്‍ഫീഡിലെ യുവജനങ്ങള്‍ ഷെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സമൂഹനൃത്തം അവതരിപ്പിക്കും. ടെസി രാജേഷ്, അനില ഏബ്രഹാം തുടങ്ങിയവരുടെ നൃത്തങ്ങള്‍, കൊച്ചുകുട്ടികള്‍ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികളും ഗായകരായ വക്കം ജി. സുരേഷ്കുമാര്‍, ജോസ് എന്നിവര്‍ നയിക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരിക്കും.

എന്‍മ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍, ബിനു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: റെജി നന്തിക്കാട്ട്