കോര്‍ക്കില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Saturday, July 5, 2014 8:31 AM IST
കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൌണ്‍സിലും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി ഓണം ആഘോഷിക്കുന്നു.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നമ്മുടെ കേരളം ഭരിച്ചിരുന്ന മാവേലി തമ്പുരാന്‍ നമ്മെ ഓരോരുത്തരെയും കാണുവാന്‍ വരുന്ന ആ നല്ല സുദിനം, കള്ളവും ചതിയും ഒന്നുമില്ലായിരുന്ന ആ ഭരണ കാലത്തെ നാം ഇന്നും ഓര്‍ത്തിരിക്കുന്നത് ആ നല്ല നാളുകളിലെ മാനവര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഓര്‍മ നമ്മളില്‍ ഇന്നും ഉള്ളതുകൊണ്ടാണ്. ആ ഓര്‍മ നമ്മുടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ കോര്‍ക്കിലെ മലയാളികള്‍ ഒത്തൊരുമിച്ച് ഓണം ആഘോഷിക്കുന്നു.

സെപ്റ്റമ്പര്‍ ആറിന് (ശനി) രാവിലെ ഒമ്പതിന് കോര്‍ക്ക് ടോഗര്‍ ഹര്‍ലിംഗ് ഫുട്ബോള്‍ ക്ളബില്‍ ഉത്രാട നാളില്‍ പൂവിളികളുമായി ഓണാഘോഷത്തിന് തുടക്കം കുരിക്കും.

കോര്‍ക്ക് വേള്‍ഡ് മലയാളി കൌണ്‍സിലും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും മുന്‍കൈ എടുത്ത് ഈ ഓണം ആഘോഷിക്കുമ്പോള്‍ അത് മലയാളി സംഘടനകളുടെ ചരിത്രത്തിലെ സുവര്‍ണ ഏടുകളില്‍ കുറിക്കപ്പെടുകയും മറ്റു സംഘടനകള്‍ ഇതുപോലുള്ള സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും എന്നതില്‍ യാതൊരു സംശയവുമില്ല.

ഈ പരിപാടി ഒരു വന്‍ വിജയമാക്കുവാനും ഒരേ മനസോടെ പങ്കു ചേരുവാനും സൌഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പുതിയ അധ്യായം കുറിക്കുവാനും നിങ്ങള്‍ ഏവരുടെയും മഹനീയ സാനിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായി സംയുക്ത സംഘാടക സമതി പത്രകുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്‍ജിത് ജോണ്‍ 0877731879, ജോസഫ് ജോസഫ് 0863620000.