മിനിമം വേതന ബില്‍ ജര്‍മന്‍ പാര്‍ലമെന്റ് അംഗീകരിച്ചു
Friday, July 4, 2014 9:01 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ആദ്യത്തെ മിനിമം വേതന ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. മണിക്കൂറിന് എട്ടര യൂറോ ആയിരിക്കും ഇനി രാജ്യത്തെ മിനിമം വേതനം. യുഎസിലെയും യുകെയിലെയും മിനിമം വേതനങ്ങളെക്കാള്‍ കൂടുതലാണിത്.

ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ മിനിമം വേതനം നടപ്പാക്കുന്നതിന് എതിരായിരുന്നെങ്കിലും, എസ്പിഡിയുമായി ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാക്കിയ ധാരണനുസരിച്ച് ഇതിനു നിര്‍ബന്ധിതമാകുകയായിരുന്നു.

ഇതുവരെ ട്രേഡ് യൂണിയനുകളെയും ബിസിനസ് ഗ്രൂപ്പുകളെയും ആശ്രയിച്ചാണ് രാജ്യത്ത് മിനിമം വേതനം നടപ്പാക്കിയിരുന്നത്. ഇതിനു പകരം, സര്‍ക്കാര്‍ തന്നെ ഇതു നിശ്ചയിച്ചു നടപ്പാക്കണമെന്നത് എസ്പിഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍