ഫ്രണ്ട്സ് ക്രിയേഷന്‍സ് സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം വിതരണം ചെയ്തു
Friday, July 4, 2014 5:02 AM IST
റിയാദ്: സാമൂഹ്യ സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും പ്രവര്‍ത്തിക്കുന്ന റിയാദിലെ പ്രാദേശിക സംഘടനകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനകളെ ഫ്രണ്ട്സ് ക്രിയേഷന്‍സ് ആദരിച്ചു. ഫ്രന്റ്സ് ക്രിയേഷന്‍സ് ഇഫ്താര്‍ സൌഹൃദ സംഗമത്തോടനുബന്ധിച്ച് റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫ്രന്റ്സ് ക്രിയേഷന്‍സ് മുഖ്യ രക്ഷാധികാരി അബ്ദുല്‍ അസീസ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. ക്ളിക്ക് ഓണ്‍ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

റിയാദിലെ മികച്ച പ്രാദേശിക സംഘടനയായി അരീക്കോട് മുസ്ളിം സഹായ സമിതി തെരഞ്ഞെടുക്കപ്പെട്ടു. ഈ സമിതിക്കുള്ള ഫ്രന്റ്സ് ക്രിയേഷന്‍സ് പുരസ്ക്കാരം അറബ്കോ മാനേജിംഗ് ഡയറക്ടര്‍ രാമചന്ദ്രന്‍ സമ്മാനിച്ചു. മികച്ച രണ്ടാമത്തെ പ്രാദേശിക സംഘടന മാസ് മുക്കത്തിനുള്ള പുരസ്ക്കാരം റിയാദ് വില്ലാസ് പ്രതിനിധി അഡ്വ: എല്‍.കെ. അജിത് സമ്മാനിച്ചു. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വഴിക്കടവ് കൂട്ടായ്മ(റിവ)യ്ക്കുള്ള പുരസ്ക്കാരം സഫാമക്ക ഹാരക്കുവേണ്ടി മൊയ്തു സമ്മാനിച്ചു. സംഗമം സാംസ്കാരിക വേദിക്ക് ബത്ത ഫ്ളവര്‍ ഉപഹാരം ഫസല്‍ റഹ്മാനും വടകര എന്‍.ആര്‍.ഐ. ഫോറത്തിന് ഒ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രത്യേക പുരസ്കാരം സലിം കളക്കരയും മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മക്കുള്ള ഉപഹാരം സജിലി ഗ്രൂപ്പിനു വേണ്ടി ശിഹാബ് കൊട്ടുകാടും നിര്‍വ്വഹിച്ചു. മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ മാഹി കൂട്ടായ്മക്കുള്ള പുരസ്കാരം റഹ്മ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാനും, കൃപ കായംകുളത്തിനുള്ള ഉപഹാരം കിംസ് ഡയറക്ടര്‍ മജീദ് ചിങ്ങോലിയും പൊന്നാനി വെല്‍ഫെയര്‍ ഫോറത്തിനുള്ള സാമൂഹ്യ പ്രതിബദ്ധതാ അവാര്‍ഡ് ശരീഫ് പാലത്തും വിതരണം ചെയ്തു.

ഫ്രന്റ്സ് ക്രിയേഷന്‍സ് സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം സ്വന്തമാക്കിയ ഒമ്പത് സംഘടനകളുടെ നേതൃത്വത്തില്‍ ഫ്രന്റ്സ് ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ റമദാനിനു ശേഷം പൊതുപ്രവര്‍ത്തകര്‍ക്കായുള്ള ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് ഒമര്‍, നെസ്റോ ഓപ്പറേഷന്‍ മാനേജര്‍ അഷ്റഫ്, മുഹമ്മദലി മുണ്േടാടന്‍, പി. അജ്മല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് നടന്ന ഇഫ്താര്‍ സൌഹൃദ സംഗമത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തും ബിസിനസ്സ് രംഗത്തുമുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

ജൂലൈ അഞ്ചിന് ശനിയാഴ്ച മുസ്ളിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദിലെ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ശിഫ സനയ്യ ബലദിയ ക്യാമ്പില്‍ വെച്ച് നടക്കുന്ന ജനകീയ ഇഫ്താര്‍ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. നവാസ് വെള്ളിമാടുകുന്ന്, ജലീല്‍ മാട്ടൂല്‍, മുഹമ്മദലി കൂടാളി, അര്‍ഷദ് മാച്ചേരി, ജയകൃഷ്ണന്‍, ജലീല്‍ ആലപ്പുഴ, ഷഫീഖ് കിനാലൂര്‍, ഫൈസല്‍ ആലപ്പുഴ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഉബൈദ് എടവണ്ണ സ്വാഗതവും മിര്‍ഷ ബക്കര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍