ഡെറിയില്‍ പൂങ്കാവനം തീര്‍ത്ത് ഒരു മലയാളി കുടുംബം
Tuesday, July 1, 2014 8:03 AM IST
ഡെറി: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെറിയില്‍ താമസിക്കുന്ന മലയാളിയായ ജോസിയും കുടുംബവും പരിപാലിക്കുന്ന പൂന്തോട്ടം എല്ലാ അര്‍ഥത്തിലും ആരെയും മോഹിപ്പിക്കുന്ന പൂങ്കാവനം തന്നെയാണ്. ഈ പൂന്തോട്ടം കാണാന്‍ തന്നെ നിരവധിയാളുകളാണ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്.

കട്ടപ്പനയിലെ പുരാതന കുടുംബമായ മടുക്കകുഴി ടോമി-റോസമ്മ കര്‍ഷക ദമ്പതികളുടെ പത്തുമക്കളില്‍ എട്ടാമാനാണ് മാത്യു തോമസ് എന്ന ജോസി. ഈ കാര്‍ഷികപാരമ്പര്യമാണ് അന്യദേശത്തിലെത്തിയിട്ടും കാര്‍ഷികവൃത്തി മുറുകെപിടിക്കാന്‍ ജോസിക്ക് തുണയായത്.തികഞ്ഞ കര്‍ഷക പാരമ്പര്യത്തിലുറച്ച കുടുംബാന്തരീക്ഷമായിരുന്നു ജോസിയുടേത്. ഡാഫൊഡില്‍സും ടുലിപ്പുകള്‍, ലില്ലി തുടങ്ങി ഏകെ ആകര്‍ഷകമായ എല്ലാ പൂക്കളും കൊണ്ട് സമൃദ്ധമാണ് ജോസിയുടെയും കുടുംബത്തിന്റെയും പൂന്തോട്ടം. ചുവന്ന ഒറ്റവര്‍ണ ടുലിപ്പുകളാണ് ജോസിയും ഭാര്യ ഷിജിയും പൂന്തോട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ സ്വന്തം സൂര്യകാന്തി പൂക്കളെപോലെ സൂര്യനെ കാണാന്‍വേണ്ടി മാത്രം വിരിയുന്ന ടുലിപ്പുകള്‍ സൂര്യപ്രകാശം മങ്ങുമ്പോള്‍ വിടര്‍ന്ന പൂക്കള്‍ വീണ്ടും കൂമ്പി മൊട്ടുകളായി തീരുന്നു. രണ്ടു മാസത്തിന്റെ ഓര്‍മ പോലും ശേഷിപ്പിക്കാതെ ചെടികള്‍ അടുത്ത വസന്തം കാത്ത് മറയുന്നു.

ജോസിക്ക് എട്ടു വയസുള്ളപ്പോള്‍ ആരംഭിച്ചതാണ് കൃഷിയോടുള്ള പ്രേമം. ആദ്യകാലങ്ങളില്‍ ഏലവും കുരുമുളകുമൊക്കെയായിരുന്നു പ്രധാന കൃഷിയെങ്കിലും എല്ലാ വിളകള്‍ക്കും കൃഷിയിടത്തില്‍ പ്രത്യേക സ്ഥാനം പിതാവ് നല്‍കിയിരുന്നു. ഇഞ്ചികൃഷിയുടെ പാഴ് മുളകള്‍ എടുത്ത് മുളപ്പിച്ചായിരുന്ന മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ ജോസിയുടെ ആദ്യ കൃഷിപാഠങ്ങള്‍ ആരംഭിച്ചത്. ആ അഭിനിവേശം മറ്റ് ഉദ്യോഗങ്ങള്‍ വഹിക്കുമ്പോഴും ലവലേശം കുറയാതെ ഇന്നും ഈ കട്ടപ്പനക്കാരന്‍ പ്രവാസി കാത്തുസൂക്ഷിക്കുന്നു. കൃഷി ലാഭത്തിനുവേണ്ടി മാത്രമല്ല, അതൊരു വികാരമാണ് പൂക്കളെയും പുതുമുകളങ്ങളേയും സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ നല്ല മനസുള്ളവരായി ജീവിക്കാന്‍ കഴിയൂവെന്ന് ജോസി ഉറച്ചുവിശ്വസിക്കുന്നു.

ആപ്പിളും സ്ട്രോബറിയും ഫലമിടുന്ന ജോസിയുടെ തോട്ടത്തില്‍ പരിപാലനത്തിനായി മക്കളായ ആല്‍ഫിയും ആബേലും ഒപ്പമുണ്ട്.