ഡബ്ള്യൂഎംസി ഗ്ളോബല്‍ കോണ്‍ഫറന്‍സ് ഓഗസ്റ് ഏഴു മുതല്‍ പത്തു വരെ
Monday, June 30, 2014 8:49 AM IST
ബര്‍ലിന്‍: ആഗോളതലത്തില്‍ മലയാളികളെ കൂട്ടിയിണക്കുന്ന പ്രമുഖ സംഘടനായ വേള്‍ഡ് മലയാളി കൌണ്‍സില്‍ നേതൃത്വത്തിലുള്ള ഒന്‍പതാമത് ഗ്ളോബല്‍ കോണ്‍ഫറന്‍സ് ഓഗസ്റ് ഏഴു മുതല്‍ 10 വരെ കുമരകത്തു നടക്കും.

കുമരകം ബാക്ക്വാട്ടര്‍ റിപ്പിള്‍സില്‍ നടക്കുന്ന സമ്മേളനത്തില്‍ എന്‍ആര്‍കെ (നോണ്‍ റെസിഡന്റ് കേരളൈറ്റ്സ്) ഫെസ്റും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗ്ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മനി) അറിയിച്ചു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നാലുദിവസത്തെ പാക്കേജ് റേറ്റിലാണ് അക്കോമഡേഷനും മറ്റു സൌകര്യങ്ങളും നല്‍കിയിരിക്കുന്നത്.

പ്രവാസി മലയാളികളെ സംബന്ധിക്കുന്ന വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങളും വൈവിധ്യങ്ങളായ കലാപരിപാടികളും ഗ്ളോബല്‍ മീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സംസ്കാരിക നായകന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയ സമസ്ത മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ജര്‍മനി, സ്വിറ്റ്സര്‍ന്‍ഡ്, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഇറ്റലി, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള ഭാരവാഹികളും മറ്റു പ്രതിനിധികളും പങ്കെടുക്കുമെന്ന് യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് തോമസ് അറമ്പന്‍കുടി (ജര്‍മനി) അറിയിച്ചു.

സമ്മേളനത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ പുതിയ തെരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി കൌണ്‍സില്‍ പ്രസിഡന്റ് എ.എസ് ജോസ്, ജനറല്‍ സെക്രട്ടറി പോളി മാത്യു സോമതീരം, സോമന്‍ ബേബി, സിറിയക് തോമസ്, അനോജ്കുമാര്‍, മോഹന്‍ എടയ്ക്കാട്, സി.ആര്‍. സുരേഷ് തുടങ്ങിയവരുടെ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്.

ഡബ്ള്യുഎംസിക്ക് ആഗോള തലത്തില്‍ ആറു റീജിയനുകളിലായി 51 പ്രോവിന്‍സുകളാണുള്ളത്. ഇന്ത്യയില്‍തന്നെ 12 പ്രോവിന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍