സിംഗപ്പൂരില്‍ പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ജൂലൈ അഞ്ചിന്
Saturday, June 28, 2014 8:16 AM IST
സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് രണ്ടാം വാര്‍ഷികവും അവാര്‍ഡ് വിതരണവും സംയുക്തമായി പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ജൂലൈ അഞ്ചിന് സിംഗപ്പൂര്‍ നെക്സസ് ഓഡിറ്റോറിയത്തില്‍ നടക്കും.

2012 ജൂലൈ ആരംഭിച്ച സിംഗപ്പൂര്‍ മലയാളികളുടെ വാര്‍ത്തകളും രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വാര്‍ത്തകള്‍, ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ആരോഗ്യ പംക്തികള്‍, ചില്‍ഡ്രന്‍സ് കോര്‍ണര്‍ ഉള്‍പ്പെടെ മാസത്തില്‍ രണ്ടുതവണ പ്രസിദ്ധീകരിക്കുന്ന പ്രവാസി എക്സ്പ്രസ് പ്രിന്റ് എഡിഷനും ഏറ്റവും പുതിയ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ എഡിഷനും പ്രശസ്തമായി കഴിഞ്ഞു.

മലയാളികളുടെ മനസില്‍ എന്നും സംഗീതത്തിന്റെ കുളിര്‍മഴ പെയ്യിക്കുന്ന ഗാനങ്ങള്‍ സമ്മാനിക്കുന്ന പ്രശസ്ത ഗായകന്‍ പി. ജയചന്ദ്രന്റെ ഗാനമേളയും നാഷണല്‍ അവാര്‍ഡ് നേടിയ പ്രശസ്ത സിനിമാതാരം പ്രിയാമണിയും പങ്കെടുക്കുന്ന അവിസ്മരണീയമായ പ്രവാസി നൈറ്റില്‍, പിന്നണി ഗായകരായ രാകേഷ് ബ്രഹ്മാനന്ദന്‍, ചന്ദ്രലേഖ, സ്നേഹജ എന്നിവരും പങ്കെടുക്കും. കൂടാതെ പ്രശസ്ത പെര്‍ഫോമര്‍ ഗായത്രി ദേവിയുടെ മോഹിനിയാട്ടവും ഉണ്ടായിരിക്കും.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍ക്കുള്ള അവാര്‍ഡും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.

പ്രശസ്ത കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി ചടങ്ങില്‍ പങ്കെടുക്കും.

പരിപാടികളുടെ വിജയത്തിനായി രാജേഷ് കുമാരിന്റെ നേതൃത്വത്തിലുള്ള പ്രവാസി എക്സ്പ്രസ് ടീം നേതൃത്വം നല്‍കിവരുന്നു.

റിപ്പോര്‍ട്ട്: മെട്രീസ് ഫിലിപ്പ്