മെല്‍ബണ്‍ മണ്ണിനെ കീഴടക്കി സ്റാര്‍നൈറ്റ്
Wednesday, June 25, 2014 7:22 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷനും നന്മയും ചേര്‍ന്നൊരുക്കിയ സ്റാര്‍ നൈറ്റ് മെഗാഷോ അക്ഷരാര്‍ഥത്തില്‍ കാണികളുടെ മുക്തകണ്ഠ പ്രശംസ നേടിയ കലാപരിപാടിയായി മാറി. ചില്ലി ബൌളും മെഗാ ഹോംസും ചേര്‍ന്നൊരുക്കിയ താരപ്രകടനസന്ധ്യ കാണികളെ കുടുകുടാ ചിരിപ്പിച്ചു.

സിനിമാതാരങ്ങളായ ഭാവന, സിദ്ധിഖ്, വിനീത്, കോട്ടയം നസീര്‍, അനൂപ് ശങ്കര്‍, മൃദുല വാര്യര്‍, കലാഭവന്‍ നവാസ്, കൃഷ്ണപ്രഭ, അബാസ് തുടങ്ങിയവരുടെ ഒരു നീണ്ടനിര തന്നെ ചടങ്ങിന് കൊഴുപ്പേകി. ഭാവനയുടെ നൃത്തചുവടില്‍ മെല്‍ബണിലെ കൊച്ചുകലാകാരികളും അണിനിരന്നപ്പോള്‍ ജനം ഒന്നാകെ നൃത്തമാടിയ പ്രതീതിയായിരുന്നു. അതിനോടൊപ്പം മെല്‍ബണിലെ യുവഗ്രൂപ്പായ എച്ച്ആര്‍ഡി കോസ്മിക്സും ഭാവനയും ചേര്‍ന്നൊരുക്കിയ ഹിന്ദി ഗാനത്തിലെ നൃത്തചുവടുകള്‍ കാണികള്‍ ഹര്‍ഷാരവത്തോടെ ജനമനസുകള്‍ കീഴടക്കി. പ്രശസ്ത ഗായകരായ അനൂപ് ശങ്കറിന്റെയും മൃദുല വാര്യരുടെയും ഇമ്പമാര്‍ന്ന ഗാനങ്ങള്‍ പുതുതലമുറകള്‍ക്ക് ആവേശമായി മാറി.

വേദിയില്‍ ആദ്യമെത്തിയ് നടന്‍ സിദ്ധിഖ് പരിസ്ഥിതിയുടെ വാദമുഖങ്ങളുമായി പ്രവാസികളെ കൈയിലെടുത്തു. തുടര്‍ന്ന് വേദിയിലെത്തിയ കോട്ടയം നസീര്‍ ഹാസ്യനടനങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തി കാണികളെ മുള്‍മുനയില്‍ നിര്‍ത്തി. പ്രശസ്ത ഗായിക ജാനകിയമ്മയുടെ സ്വരവുമായെത്തിയ കലാഭവന്‍ നവാസ് ചടങ്ങിന് മേളകൊഴുപ്പേകി. നൃത്തത്തിന്റെ ചുവടുവച്ച് അനുഗ്രഹീതമായ വിനീതിന്റെ ചുവടുകള്‍ മോണാഷ് ബ്ളാക്വുഡ് ഹാള്‍ നിറഞ്ഞുനിന്നു.

ചടങ്ങില്‍ മെഗാ ഹോംസിന്റെ വക ടിവിയുടെ നറുക്കെടുപ്പ് വിജയിക്ക് മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. ഷാജി വര്‍ഗീസിന്റെയും നന്മയുടെ ഡയറക്ടര്‍ സുധീഷ് വര്‍ഗീസിന്റെയും നേതൃത്വത്തില്‍ സമ്മാനം വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്