ഡല്‍ഹിയില്‍ ജോലി വാഗ്ദാനം ചെയ്തു മലയാളി നഴ്സുമാരെ കബളിപ്പിച്ചു
Tuesday, June 24, 2014 3:30 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇഎസ്ഐ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്തു മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരെ സ്വകാര്യ ഏജന്‍സി കബളിപ്പിച്ചു. ആശുപത്രിയിലേക്കു നഴ്സുമാര്‍ ഉള്‍പ്പടെയുള്ള വിവിധ തസ്തികകളിലേക്കു നിയമനം പ്രതീക്ഷിച്ചെത്തി വഞ്ചിതരായ മലയാളികള്‍ അടക്ക മുള്ള അമ്പതോളം വരുന്ന സംഘം ഇന്നലെ ആശുപത്രിയില്‍ പ്രതിഷേധ സമരം നടത്തി. ഇവര്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചു.

അഞ്ചു ദിവസങ്ങള്‍ക്കു മുമ്പു വിവിധ തസ്തികകളിലേക്ക് അഭിമുഖ പരീക്ഷ കഴിഞ്ഞ് 25,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തു നിയമനം ഉത്തരവു ഉറപ്പ് നല്‍കിയതു നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സി ആയിരുന്നു. ഇതേത്തുടര്‍ന്നു നിലവിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണു പലരും ഇന്നലെ ഇഎസ്ഐ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തുമ്പോള്‍ നിയമന ഉത്തരവ് നല്‍കാമെന്നായിരുന്നു ഇവര്‍ക്കു ലഭിച്ച ഉറപ്പ്.

എന്നാല്‍ ശമ്പളം 10,300 രൂപമാത്രമേ ലഭിക്കൂ എന്ന് അവിടെയെത്തിയപ്പോള്‍ മാത്രമാണറിയുന്നത്. അതില്‍ത്തന്നെ പല വകുപ്പുകളിലായി പിടിച്ചെടുത്ത ശേഷം 6000 രൂപമാത്രമേ കൈയില്‍ കിട്ടൂ എ ന്നും വ്യക്തമായി.

ഇതോടെയാണു ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധത്തിന്റെ വഴിയിലേക്കു നീങ്ങിയത്. തുടര്‍ന്ന് മാനേജ്മെന്റ് അധികൃതര്‍ ഇന്ന് അന്തിമ തീരുമാനം അറിയിക്കാം എന്ന ഉറപ്പു നല്‍കി. സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി രാജിവച്ച പത്തനംതിട്ട സ്വദേശി സുനില്‍കുമാര്‍ അടക്കം മലയാളികള്‍ എന്തുവേണം എന്നറിയാതെ ആശങ്കയിലാണ്. ഡല്‍ഹി രാജീവ്ഗാന്ധി ഇന്‍സ്റിറ്റ്യൂട്ടിലെ ജോലി ഉപേക്ഷിച്ചാണ് സുനില്‍കുമാര്‍ ഇവിടെ ജോലി പ്രതീക്ഷിച്ചെത്തിയത്.

ഡല്‍ഹി ഗവണ്‍മെന്റിന്റെ വ്യവസ്ഥയനുസരിച്ച് ഇഎസ്ഐ ആശുപത്രിയിലെ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ക്കു 40,000 രൂപ വരെ ശമ്പളം നല്‍കേണ്ടതാണ്. എന്നാല്‍ സ്വകാര്യ ഏജന്‍സികളുടെ ഒത്താശയോടെ ഈ തുക ആശുപത്രി അധികൃതര്‍ അട്ടിമറിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു തട്ടിപ്പിനിരയായവര്‍ ആരോപിച്ചു.

ഇഎസ്ഐ ആശുപത്രിയില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ ഒഴിവുള്ളതായി സ്വകാര്യ ഏജന്‍സിയോ ആശുപത്രി അധികൃതരോ യാതൊരു വിധ അറിയിപ്പും മാധ്യമങ്ങള്‍ മുഖേന നല്‍കാതിരുന്നതും തട്ടിപ്പിലേക്കു വിരല്‍ ചൂണ്ടുന്നു.