സത്യത്തിന്റെ പാതയില്‍ നിന്ന് വൃതിചലിക്കരുത്: ജസ്റിസ് കുര്യന്‍ ജോസഫ്
Friday, June 20, 2014 7:52 AM IST
മെല്‍ബണ്‍: ഇന്ത്യന്‍ സുപ്രീം കോടതി ജസ്റീസും കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്ന ജസ്റീസ് സിറിയക് ജോസഫിന് മെല്‍ബണ്‍ രൂപത ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നല്‍കി.

സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ പിതാവിന്റെ നേതൃത്വത്തിലാണ് ജസ്റീസ് കുര്യന്‍ ജോസഫിനെ രൂപത കേന്ദ്ര ത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ഫാ. പീറ്റര്‍ കാവുംപുറം, ഫാ. വര്‍ഗീസ് കുരിശിങ്കല്‍, ഫാ.ടോമി കളത്തൂര്‍, ഫാ.ജോസി കിഴക്കേത്തലക്കല്‍ തുടങ്ങിയ വൈദികരും നിരവധി ജനങ്ങളും പങ്കെടുത്തു. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ നടന്ന യാമ പ്രാഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.

സത്യവും നീതിയും മാത്രമല്ല, കാരുണ്യവും ദയയും ചേര്‍ന്ന അപൂര്‍വ വ്യക്തിത്വ ത്തിന്റെ ഉടമയാണ് ജസ്റീസ് കുര്യന്‍ ജോസഫെന്ന് സ്വാഗതം ആശംസിച്ച ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു. വലിയ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്തുകൊണ്ട് സഭാ വിശ്വാസികള്‍ക്ക് ഉത്തമ ജീവിത മാതൃക നല്‍കുകയും സ്വന്തം സ്ഥലവും സൌകര്യങ്ങളും പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും തുറന്ന് കൊടുത്തുകൊണ്ട് ക്രിസ്തുവിന്റെ വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജെസ്റീസ് കുര്യന്‍ ജോസഫ് എന്ന് പിതാവ് കൂട്ടിചേര്‍ത്തു.

ആദിമ സഭയിലെ ക്രിസ്താനികളെപ്പോലെ ദൈവത്തിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട്, ദൈവമക്കളെന്ന നിലയില്‍ കൂടികഴിയുന്ന ഒരു സമൂഹമായി, ഒരുമയോടെ, സത്യസന്ധരായി വളര്‍ന്നുവരാന്‍ ഓസ്ട്രേലിയന്‍ സീറോ മലബാര്‍ സമൂഹത്തിന് കഴിയണമെന്ന് ജസ്റീസ് കുര്യന്‍ ജോസഫ് ആഹ്വാനം ചെയ്തു. സത്യത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാതെ ജീവിച്ച നമ്മുടെ പൂര്‍വികരെപോലെ, നമ്മളും സത്യത്തെ മുറുകെ പിടിച്ചുകൊണ്ട്, ഓസ്ട്രേലിയയിലെ ഇതര സമൂഹങ്ങള്‍ക്ക് സാക്ഷ്യമാകണമെന്ന് കുര്യന്‍ ജോസഫ് ഉദ്ബോധിപ്പിച്ചു.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത യോഗ്യരായിട്ടുള്ളവരുടെ കൈകളില്‍ ഭദ്രമാണെന്നും ബോസ്കോ പിതാവിന്റെ നേതൃത്വത്തില്‍ സഭ ഓസ്ട്രേലിയ മുഴുവനും പടര്‍ന്നു പന്തലിക്കാനിടവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

മെല്‍ബണ്‍ രൂപത കേന്ദ്രത്തില്‍ വരികയും ആശംസകള്‍ അറിയിക്കുകയും ചെയ്ത ജസ്റീസ് കുര്യന്‍ ജോസഫിന്. മാര്‍ ബോസ്കോ പുത്തൂര്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍