ജസ്റീസ് കുര്യന്‍ ജോസഫിന് മെല്‍ബണില്‍ സ്വീകരണം നല്‍കി
Monday, June 16, 2014 6:47 AM IST
മെല്‍ബണ്‍: ഇന്ത്യയുടെ പരമോന്നത പീഠം അലങ്കരിക്കുന്ന ജസ്റീസ് കുര്യന്‍ ജോസഫിന് മെല്‍ബണിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

സൌത്ത് ഈസ്റ് ഇടവകയുടെ നേതൃത്വത്തില്‍ സൌത്തിലെ ഡാന്റിനോംഗിലെ സെന്റ് ജോണ്‍സ് കോളജില്‍ നടന്ന കുര്‍ബാനയിലും പങ്കെടുത്ത ജസ്റീസ് കുര്യന്‍ ജോസഫിന് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

സീറോ മലബാര്‍ സഭ മെല്‍ബണ്‍ ചാപ്ളെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം ജസ്റീസിനെ സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് പ്രത്യേകം ക്ളാസെടുത്തു. ദൈവപരിപാലനയില്‍ കുട്ടികള്‍ വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠന ക്ളാസെടുത്തു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറു ചോദ്യവുമായി സരസഭാഷയില്‍ ദൈവ വചനത്തിന്റെ നാമ്പുകള്‍ കുട്ടികളിലെത്തിക്കാന്‍ ജസ്റീസ് കുര്യന്‍ ജോസഫിനായി. തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കായി പ്രത്യേകം കുടുംബ വിശുദ്ധീകരണത്തെക്കുറിച്ച് പ്രതിപാദിച്ചു.

ദൈവത്തിങ്കലേയ്ക്ക് അടുക്കുവാനും മറ്റുള്ളവര്‍ക്ക് മാതൃകയാവാനും കുടുംബത്തില്‍നിന്ന് തുടങ്ങേണ്ട വിശുദ്ധീകരണത്തേക്കുറിച്ച് അദ്ദേഹം ക്ളാസെടുത്തു. പൊതുജീവിതത്തില്‍ ദൈവത്തില്‍ ആശ്രയിക്കാന്‍ നേട്ടം മാത്രമെ ഉണ്ടാകൂവെന്നും തന്റെ ജീവിതത്തില്‍ സിംഹഭാഗവും സഭയോടു ചേര്‍ന്നുള്ളതാണെന്നും അതുകൊണ്ട് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ജസ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്