മാര്‍ ബോസ്കോ പൂത്തൂരിന് ഊഷ്മള സ്വീകരണം
Friday, June 6, 2014 6:45 AM IST
മെല്‍ബണ്‍: ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയ, ക്നാനായ കാത്തലിക് മിഷന്‍ എന്നിവ സംയുക്തമായി സീറോ മലബാര്‍ രൂപതയുടെ ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന് ഹൃദ്യമായ സ്വീകരണം നല്‍കി.

മെല്‍ബണിലെ ക്ളെയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ കവാടത്തില്‍നിന്നും ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന ചെണ്ടമേളം, മുത്തുക്കുടകള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നൂറുകണക്കിന് ക്നാനായ മക്കള്‍ ബോസ്കോ പിതാവിനും ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പിക്കല്‍ എന്നിവരെ പള്ളിയിലേക്ക് ആനയിച്ചു.

മാര്‍. ബോസ്കോ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ പ്രസിഡന്റ് ബിജിമോന്‍ തോമസ് സ്വാഗതം ആശംസിച്ചു. ക്നാനായ മക്കളുടെ സ്വീകരണത്തിനും ആഥിത്യ മര്യാദക്കും സഹകരണങ്ങള്‍ക്കും ബോസ്കോ പിതാവ് നന്ദി പറഞ്ഞു.

സീറോ മലബാര്‍ സഭയോടു ചേര്‍ന്നു നില്‍ക്കുന്ന ക്നാനായ കമ്യൂണിറ്റിക്ക് എല്ലാ പിന്തുണയും പിതാവ് വാഗ്ദാനം ചെയ്തു. സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതയുടെ പരമപ്രധാനമായ കണ്‍സള്‍ട്ടിംഗ് കമ്മിറ്റിയിലേക്ക് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിയെ ബോസ്കോ പിതാവ് തെരഞ്ഞെടുത്ത പ്രഖ്യാപനം ക്നാനയ മക്കള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ക്നാനായ കമ്യൂണിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് ബിജിമോന്‍ തോമസ് മാര്‍ ബോസ്കോ പുത്തൂരിന് സമ്മാനിച്ചു. ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്റെ സെക്രട്ടറി സോളമന്‍ ജോര്‍ജ് നന്ദി പറഞ്ഞു. തുടര്‍ന്ന് സ്നേഹ വിരുന്നും സംഘടിപ്പിച്ചു.

അസോസിയേഷന്‍ ഭാരവാഹികളായ ബിജിമോന്‍ തോമസ്, ടോമി നെടുംതുരുത്തി, സോളമന്‍ ജോര്‍ജ്, ലിസി ജോസ്മോന്‍, സ്റീഫന്‍ ഓക്കാടന്‍, സിജു അലക്സ് എന്നിവര്‍ സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍