യുഡിഎഫ് ഗവണ്‍മെന്റിന് അഭിവാദ്യമര്‍പ്പിച്ച് ഒഐസിസി ഓസ്ട്രേലിയ
Sunday, May 18, 2014 7:32 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയ ദേശീയ കമ്മിറ്റി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്റിന് അഭിവാദ്യമര്‍പ്പിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 80 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം കൈവരിച്ചു.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ ചരിത്രത്തിലുണ്ടാകാത്തവിധം അപവാദ പ്രചാരണമുണ്ടായിട്ടും വിജയിക്കാന്‍ കഴിഞ്ഞത് സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയ അംഗീകാരമാണ്. ഒഐസിസി ഓസ്ട്രേലിയ അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ, ദേശീയ നേതാക്കളായ ബൈജു ഇലഞ്ഞിക്കുടി, ജിന്‍സണ്‍ കുര്യന്‍, സോബന്‍ തോമസ്, അരുണ്‍ പാലയ്ക്കലോടി എന്നിവര്‍ പ്രസംഗിച്ചു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരരംഗത്ത് കേരളത്തിലെത്തി നേരിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒഐസിസി നേതാക്കളായ ഹൈനസ് ബിനോയി, പി.വി ജിജേഷ് എന്നിവരേയും യോഗത്തില്‍ അനുമോദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അതിശക്തമായി മുന്നോട്ടുപോകുമെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ഉണ്ടായിരിക്കുന്ന പരാജയം താത്കാലികമാണെന്നും വരും നാളുകളില്‍ കോണ്‍ഗ്രസ് ഒരു മതേതര ശക്തിയായി തിരിച്ചുവരുമെന്നും ഒഐസിസി ഓസ്ട്രേലിയ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.