മാര്‍ ബോസ്കോ പുത്തൂരിന്റെ ന്യൂസിലാന്‍ഡ് സന്ദര്‍ശനം തുടങ്ങി
Monday, May 12, 2014 5:19 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ അപ്പസ്തോലിക് വിസിറ്റേറ്ററും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷനുമായ മാര്‍ ബോസ്കോ പുത്തൂര്‍ ന്യൂസിലാന്‍ഡില്‍ ആദ്യ സന്ദര്‍ശനത്തിനെത്തി.

മേയ് 12 (തിങ്കള്‍) മുതല്‍ 16 (വെള്ളി) വരെ വെല്ലിംഗ്ടണില്‍ നടക്കുന്ന ഓഷ്യാനിയ ബിഷപ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ന്യൂസിലാന്‍ഡിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളെയും സന്ദര്‍ശിക്കുന്നതാണ്.

10ന് (ശനി) രാത്രി ഓക്ലന്റ് എയര്‍പോര്‍ട്ടിലെത്തിയ പിതാവിനെ ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ചാപ്ളിന്‍ ഫാ. ജോയി തോട്ടുങ്കര പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു.

11 ന് ഞായര്‍ ഉച്ചയ്ക്കുശേഷം എല്ലസ്ളി കാത്തലിക് പളളിയില്‍ നടന്ന പൊതുയോഗത്തില്‍ ടാലന്റ് ഫെസ്റ്റ് 2014 ലെ മുഴുവന്‍ വിജയികള്‍ക്കുമുളള സമ്മാനങ്ങള്‍ പിതാവ് സമ്മാനിച്ചു. മത്സരത്തില്‍ വിജയികളായവര്‍ അവതരിപ്പിച്ച വിവിധ പരിപാടികളും നടന്നു. സണ്‍ഡേസ്കൂള്‍ ഹെഡ് മാസ്റ്റര്‍ റെജി ചാക്കോ ബിഷപിനെ പൊന്നാട അണിയിച്ചു.

സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ പിതാവ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോയി, ഫാ. ജോബിന്‍ വന്യംപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ പ്രവാസി ജീവിതത്തില്‍ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളെ തിരികെ പിടിക്കുവാന്‍ പിതാവ് ആഹ്വാനം ചെയ്തു. മക്കളുടെ ആത്മീയ പരിശീലനവും സ്വഭാവ രൂപീകരണവും മറന്ന്, ഓവര്‍ ടൈം ജോലി ചെയ്ത് കൂടുതല്‍ സമ്പാദിക്കണമെന്ന് മാത്രം ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ വരും തലമുറയോടും ചെയ്യുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്ന് പിതാവ് ഓര്‍മിപ്പിച്ചു. പണത്തിനു മേല്‍ പരുന്തും പറക്കും എന്ന് മാറ്റി പറയുവാന്‍ സമയമായി എന്ന് പിതാവ് അഭിപ്രായപ്പെട്ടു.

കുര്‍ബാനയ്ക്കുശേഷം മദേഴ്സ് ഡേയോടനുബന്ധിച്ചു നടന്ന പ്രത്യേക പ്രാര്‍ഥനയ്ക്ക് പിതാവ് നേതൃത്വം നല്‍കുകയും എല്ലാ അമ്മമാരേയും ആശീര്‍വദിക്കുകയും ചെയ്തു. സണ്‍ഡേ സ്കൂള്‍ ലീഡര്‍ ടീന്‍ മരിയാ ജേക്കബ് അമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. തുടര്‍ന്ന് എല്ലാ അമ്മമാര്‍ക്കും മധുരം നല്‍കി. തുടര്‍ന്നു നടന്ന സീറോ മലബാര്‍ മിഷന്‍ കൌണ്‍സില്‍ യോഗത്തില്‍ പിതാവ് പങ്കെടുക്കുകയും സ്വന്തമായി പളളിയും അനുബന്ധ സ്ഥാപനങ്ങളും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സൂചിപ്പിക്കുകയും ചെയ്തു.

16 ന് (വെള്ളി) വൈകിട്ട് വെല്ലിംഗ്ടണിലെ സീറോ മലബാര്‍ സമൂഹത്തെ സന്ദര്‍ശിക്കുന്ന മാര്‍ പുത്തൂര്‍, അവരോടൊപ്പം ദിവ്യബലി അര്‍പ്പിക്കും. 17 ന് രാവിലെ ഓക്ലാന്റില്‍ തിരിച്ചെത്തും. അന്നേ ദിവസം വൈകിട്ട് ഹാമില്‍ട്ടണിലെ ക്രൈസ്തവ സമൂഹത്തെ സന്ദര്‍ശിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യും.

18-ന് (ശനി) ഓക്ലാന്റിലെത്തുന്ന പിതാവ് നോര്‍ത്ത് ഷോറില്‍ നടക്കുന്ന ന്യൂസിലാന്റ് ക്നാനായ അസോസിയേഷന്‍ മീറ്റിംഗില്‍ സംബന്ധിക്കും. വൈകുന്നേരം നാലിന് ഓക്ലന്റ് സീറോ മലബാര്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളോട് സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ പിതാവ് മുഖ്യകാര്‍മികനായിരിക്കും. കുര്‍ബാനയ്ക്കുശേഷം ഇടവകാംഗങ്ങള്‍ക്ക് പിതാവുമായി ആശയ വിനിമയം നടത്തുന്നതിനുളള സൌകര്യം ഉണ്ടായിരിക്കുന്നതാണ്. സ്നേഹ വിരുന്നുകളോടെ ചടങ്ങ് അവസാനിക്കും. പിറ്റേന്ന് ഉച്ചയോടെ പിതാവ് മെല്‍ബണിലേയ്ക്കു മടങ്ങും.

ന്യുസിലാന്‍ഡിലെ വിവിധ രൂപതാധ്യക്ഷന്മാരുമായി വെല്ലിംഗ്ടണില്‍ പിതാവ് ഈ ആഴ്ചകൂടിക്കാഴ്ച നടത്തുന്നതാണ്.