ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ പ്രസംഗമത്സരം
Wednesday, May 7, 2014 8:07 AM IST
കാന്‍ബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന പ്രസംഗ മത്സരത്തിലൂടെ ഒഐസിസി ലക്ഷ്യം വയ്ക്കുന്നത് വളര്‍ന്നുവരുന്ന തലമുറയിലെ പ്രാസംഗകരെ കണ്െടത്തി അവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഒഐസിസി കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണംപുഴ അറിയിച്ചു.

ബെല്‍കോണല്‍ കമ്യൂണിറ്റി സെന്ററില്‍ മേയ് പത്തിന് വൈകുന്നേരം 5.30ന് മത്സരങ്ങള്‍ ആരംഭിക്കും. ഏഴു മുതല്‍ 12 വരെ ജൂണിയര്‍ വിഭാഗത്തിലും 12 മുതല്‍ 17 വരെ സീനിയര്‍ വിഭാഗത്തിലുമായിരിക്കും മത്സരം. ജൂണിയര്‍ വിഭാഗത്തിന് ഇംഗ്ളീഷിലും സീനിയര്‍ വിഭാഗത്തിന് മലയാളത്തിലും ആയിരിക്കും പ്രസംഗമത്സരം. ജൂണിയര്‍ വിഭാഗത്തിന് മൈ ഇന്ത്യ എന്ന വിഷയവും സീനിയര്‍ വിഭാഗത്തിന് ആധുനിക യുഗത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം, ലോകസമാധാനവും ആഗോള ഭീകരവാദവും എന്ന വിഷയത്തില്‍ ഏതെങ്കിലും ഒരു വിഷയം ആയിരിക്കും നല്‍കുക.

പ്രസംഗമത്സരത്തിനുശേഷം ക്രിക്കറ്റ് കാര്‍ണിവലില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും ഭക്ഷണവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍