മാധ്യമ പ്രതിനിധികള്‍ ഇന്ത്യന്‍ കോണ്‍സലുമായി കൂടിക്കാഴ്ച നടത്തി
Monday, May 5, 2014 8:14 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധികള്‍ മെല്‍ബണിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ കോണ്‍സല്‍ മനിക ജയിനുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യുടെ വികസന നയവും ജനാധിപത്യ സംഹിതയും മറ്റ് രാജ്യങ്ങളില്‍ അത് ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയാകണമെന്നും ഇന്ത്യയുടെ വളര്‍ച്ചയെ പല വിദേശ ശക്തികളും ഇടിച്ചു കാണുന്നതായും അതിനെ ചെറുക്കാന്‍ മാധ്യമലോകത്തിനും ഇന്ത്യന്‍ പൌരന്മാര്‍ക്കും കഴിയണമെന്നും കോണ്‍സല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ നല്ലകാര്യങ്ങള്‍ എടുത്തുപറയാതെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഊതിപെരുപ്പിച്ച് ഇന്ത്യയെ തരംതാഴ്ത്തുന്ന നടപടിയില്‍ മാധ്യമ പ്രതിനിധികള്‍ അമര്‍ഷം രേഖപ്പെടുത്തി.

ചടങ്ങില്‍ ശ്രീകാന്ത് (ഹലോ ബോളിവുഡ്), ഇന്ത്യന്‍ വോയ്സ് എഡിറ്റര്‍ രാജ് ഡെസൂജാ, ഭാരത് ടൈംസ് എഡിറ്റര്‍ ദിനേശ് മല്‍ഹോത്ര, ഒഐസിസി ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ്, ജിഡേ ഇന്ത്യ മാര്‍ക്കറ്റിംഗ് മാനേജര്‍ അമന്‍ദീപ് സോണി, ഒഐസിസി ന്യൂസ് മലയാളം എഡിറ്റര്‍ ജോര്‍ജ് തോമസ്, ഇന്ത്യന്‍ ലിങ്ക് മാര്‍ക്കറ്റിംഗ് മാനേജര്‍ അജീഷ് ചൌള, ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഷിപ്ര കരിയപ്പ, ജോജി ജോണ്‍, ഒഐസിസി ന്യൂസ് മലയാളം കണ്‍സള്‍ട്ടന്റ് നീരജ് നന്ദു, സൌത്ത് ഏഷ്യ ടൈംസിലെ സിദ്ധാര്‍ഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.