മക്കളുടെ സ്വഭാവ രൂപീകരണത്തിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തുക: ബിഷപ് ബോസ്കോ പുത്തൂര്‍
Wednesday, April 23, 2014 5:04 AM IST
പെര്‍ത്ത്: സ്വന്തം മക്കളെ ഡോക്ടറും എന്‍ജിനീയറും ആക്കി മാറ്റുക ന്നെ ഒറ്റലക്ഷ്യമാണ് ഇന്ന് അധികം മാതാപിതാക്കള്‍ക്കുള്ളതെന്നും ഈ ചിന്ത വലിയ ഇച്ഛാഭംഗത്തിലേക്ക് നമ്മെ നയിക്കുമെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പുനല്‍കി. മെത്രനായി ചുമതലയേറ്റശേഷം ആദ്യമായി പെര്‍ത്തിലെത്തിയ ബിഷപ്പ് തന്റെ പ്രഥമ ഈസ്റര്‍ ദിന സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മക്കള്‍ നല്ല മനുഷ്യരാകുക എന്നതാണ് ഏറ്റവും പ്രധാനം അവര്‍ നീതി ബോധവും സാമൂഹ്യ പ്രതിബന്ധതയുള്ളവരായി വളരണം. എന്നാല്‍ അധികം മാതാപിതാക്കളും ഈ ലക്ഷ്യത്തിലേക്കല്ല ശ്രദ്ധ പ്രതിപാദിക്കുന്നത്.

മാതാപിതാക്കള്‍ ജീവിച്ചുകാണിക്കുന്നതാണ് കുട്ടികള്‍ അധികവും അനുകരിക്കുന്നത്. സ്വയം പിന്നോട്ട് നടന്നശേഷം മക്കളോട് മുന്നോട്ട് നടക്കനാണ് മിക്കമാതാപിതാക്കളും ആവശ്യപ്പെടുന്നതെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. പണമുണ്ടാക്കണമെന്നുള്ള അമിതമായ ആഗ്രഹം ഉപേക്ഷിക്കണമെന്നും മാര്‍ ബോസ്കോ പുത്തൂര്‍ വിശ്വാസികളെ ഉപദേശിച്ചു.

മാഡിംഗ് ടണ്‍ ഹോളിഫാമിലി ദേവാലയത്തില്‍ രാത്രി നടന്ന ഈസ്റര്‍ കുര്‍ബാനയില്‍ 1500 ലേറെ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ആദ്യമായി പെര്‍ത്തിലെത്തിയ ബിഷപ്പിനെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് പ്രദക്ഷിണമായി ദേവാലയത്തിലേക്ക് ആനയിച്ചത്. തുടര്‍ന്ന് ദിവ്യബലിയും ഉയര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങളും പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ഉണ്ടായിരുന്നു. ഫാ. വര്‍ഗീസ് പാറയ്്ക്കല്‍, ഫാ. റോജന്‍ ജോര്‍ജ്, ഫാ. തോമസ് മാങ്കുത്തേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. രാത്രി 12.30ന് അവസാനിച്ച തിരുക്കര്‍മ്മങ്ങളേ തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: പ്രകാശ് ജോസഫ്