മഹാരാഷ്ട്ര സ്വദേശിക്ക് കേളി വിമാനടിക്കറ്റ് നല്‍കി
Wednesday, April 23, 2014 5:04 AM IST
റിയാദ്: സ്പോണ്‍സറുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ജോലിയോ ശമ്പളമോ ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിക്കുന്ന മഹാരാഷ്ട്ര കൊല്ലാമ്പൂര്‍ സ്വദേശി സയ്യദ് മുനീറിന് കേളി റൌദ യുണിറ്റ് നാട്ടിലേക്ക് പോകാന്‍ സൌജന്യ വിമാന ടിക്കറ്റ് നല്‍കി. ഹൌസ് ഡ്രൈവര്‍ വിസയില്‍ ജോലിക്കെത്തിയ മുനീര്‍ ജോലിയുമായി ബന്ധപ്പെട്ട് സ്പോണ്‍സറുമായി പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടണ്ടാകുകയും ജോലിയോ ശമ്പളമോ ഭക്ഷണമോ ഇല്ലാതെ ബുദ്ധിമുട്ടിലുമായ അവസ്ഥയിലാണ് കേളി റൌദ യുണിറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നത്.

കേളി പ്രവര്‍ത്തകര്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് മുനീറിന് എക്സിറ്റ് നല്‍കാമെന്ന് സ്പോണ്‍സര്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ് നല്‍കാന്‍ സ്പോണ്‍സര്‍ തയ്യാറായില്ല. കേളി റൌദ യുണിറ്റ് പ്രവര്‍ത്തകരുടെ ശ്രമഫലമായി മുനീറിന് നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് നല്‍കി. കഴിഞ്ഞ ദിവസം മുനീര്‍ നാട്ടിലേക്ക് തിരിച്ചുപോയി. യുണിറ്റ് പ്രസിഡന്റ് സുനില്‍ സുകുമാരന്‍ മുനീറിന് ടിക്കറ്റ് കൈമാറി. സലീം, അബ്ദുള്‍അസീസ്, മജീദ് മുഹമ്മദ് കുഞ്ഞ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍