ബിനാമി തൊഴിലുടമകളുടെ പീഡനം തുടര്‍ക്കഥയാകുന്നു
Wednesday, April 23, 2014 5:03 AM IST
റിയാദ്: മലയാളിയായ തൊഴിലുടമ നിരന്തരമായി പീഡിപ്പിക്കുന്നതായി ഇന്ത്യന്‍ തൊഴിലാളികള്‍ എംബസിയിലും ലേബര്‍ കോടതിയിലും പരാതി നല്‍കി. കേരള, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കോഴിക്കോട് സ്വദേശിയായ ബിനാമി തൊഴിലുടമക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിതാഖാത്ത് പൊതുമാപ്പ് സമയത്ത് ഫ്രീ വിസയിലായിരുന്ന തൊഴിലാളികള്‍ സ്വദേശിയുടെ പേരില്‍ സ്ഥാപനം നടത്തുന്ന മലയാളിയുടെ മോഹന വാഗ്ദാനം കേട്ട് അദ്ദേഹത്തിന്റെ കമ്പനിയിലേക്ക് വിസ മാറുകയായിരുന്നു. പാസ്പോര്‍ട്ട് ഇല്ലാതിരുന്ന ഇവര്‍ എംബസിയില്‍ നിന്നും ഔട്ട്പാസ്സ് വാങ്ങി നില്‍ക്കുമ്പോഴാണ് സൌജന്യമായി വിസ കമ്പനിയിലേക്ക് മാറാമെന്നും ഉയര്‍ന്ന ശമ്പളം നല്‍കാമെന്നും പറഞ്ഞ് കമ്പനിയില്‍ ജോലി നല്‍കിയത്.

വിസ മാറുന്നതിനുള്ള ചിലവും 2000 റിയാല്‍ മാസ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിസ കമ്പനിയിലേക്ക് മാറിയ ശേഷം ഇയാള്‍ ചതിക്കുകയായിരുന്നെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൃശൂര്‍ സ്വദേശി സുലൈമാന്‍ നൌഫല്‍ (27), അബ്ദുഹ്മാന്‍ മരക്കട (29) മംഗലാപുരം സ്വദേശികളായ ഉമറുല്‍ ഫാറൂഖ് (25), മുഹമ്മദ് ഇംതിയാസ് (38), മുഹമ്മദ് റിയാസ് (30) എന്നിവരാണ് ലേബര്‍ കോടതിയിലും എംബസിയിലും പരാതിപ്പെട്ടത്. നാട്ടില്‍ നിന്നും ഫ്രീ വിസയിലെത്തി ഇതുവരെ നാട്ടില്‍ പോയിട്ടില്ലാത്ത ഇവരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റിയത് 6 മാസം മുന്‍പാണ്.

തൊഴിലുടമ 9000 റിയാല്‍ വിസ മാറിയതിന് ഇപ്പോള്‍ ആവശ്യപ്പെടുകയാണെന്നാണ് ഇവരുടെ പരാതി. നാലു മാസമായി ശമ്പളവും നല്‍കുന്നില്ല. ശമ്പളം ചോദിക്കുമ്പോള്‍ ശാരീരികമായി ഉപദ്രവിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയെങ്കിലും മൂന്ന് തവണ നോട്ടീസ് ലഭിച്ചിട്ടും തൊഴിലുടമ ഹാജരായില്ല. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അപ്പോഴേക്കും തൊഴിലാളികളെ ഹുറൂബാക്കുകയായിരുന്നു. ഇഖാമയുടെ കാലാവധി കഴിഞ്ഞ ഇവരില്‍ മുഹമ്മദ് സവാദ് എന്ന തൊഴിലാളിയെ പോലീസ് പരിശോധനയില്‍ പിടികൂടി ഇപ്പോള്‍ നാടുകടത്തല്‍ കേന്ദ്രത്തിലാണ്. ലേബര്‍ കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ കേസില്‍ അകപ്പെടുത്തുമെന്നാണ് ഇപ്പോള്‍ മലയാളി തൊഴിലുടമയുടെ ഭീഷണി. എത്രയും പെട്ടെന്ന് വിഷയത്തിലിടപെട്ട് തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍