ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൌഢഗംഭീരമായ ഈസ്റര്‍ ആഘോഷം
Tuesday, April 22, 2014 8:02 AM IST
ഷിക്കാഗോ: സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പ്രത്യാശയുടേയും പുണ്യദിനം. യേശു മരണത്തെ തോല്‍പിച്ചുകൊണ്ട് മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ പുണ്യസ്മരണ ആചരിക്കുന്ന ഉയിര്‍പ്പ് തിരുനാള്‍ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൌഢഗംഭീരവുമായി നടത്തപ്പെട്ടു.

ഏപ്രില്‍ 19-ന് (ശനി) വൈകിട്ട് ഏഴിന് ഉയിര്‍പ്പ് തിരുനാളിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് കത്തീഡ്രലിന്റെ മനോഹരമായ മദ്ബഹയില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി, ക്രിസ്തു കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ദൃശ്യാവിഷ്കരണം മനോഹരമായി അവതരിപ്പിക്കപ്പെട്ടു. അത്യാധുനിക രംഗസംവിധാനങ്ങളിലൂടെ മിന്നലുകളുടേയും ധൂപപടലങ്ങളുടേയും പശ്ചാത്തലത്തില്‍ മാലാഖമാരുടെ സാന്നിധ്യത്തില്‍ പ്രത്യേകം സജ്ജമാക്കിയ കല്ലറയില്‍ നിന്നും ക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രംഗം വിശ്വാസികള്‍ പ്രാര്‍ഥനാ നിരതരായി ദര്‍ശിച്ചത് എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു.

തുടര്‍ന്ന് രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍, ഫാ. ജോര്‍ജ് കെ. പീറ്റര്‍ എസ്.ജെ എന്നിവരുടെ സഹകാര്‍മികത്വത്തിലും ആഘോഷമായ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. ദിവ്യബലി മധ്യേ മാര്‍ അങ്ങാടിയത്ത് തിരുനാള്‍ സന്ദേശം നല്‍കി. ഉയിര്‍പ്പ് കര്‍മ്മങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരുന്നു.

ഇതേസമയം തന്നെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി വികാരി ഫാ. ജോയി ആലപ്പാട്ട്, ഫാ. ബെഞ്ചമിന്‍ എന്നീ വൈദീകരുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക തിരുകര്‍മ്മങ്ങളും ഉണ്ടായിരുന്നു.

ഓശാന ഞായറാഴ്ച മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെയുള്ള എല്ലാ തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത വിശ്വാസി സമൂഹത്തിനും തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും സിസ്റേഴ്സിനും, ഗാനശുശ്രൂഷ നിര്‍വഹിച്ച ഗായകസംഘങ്ങള്‍ക്കും, അള്‍ത്താര ശുശ്രൂഷികള്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, പ്രാര്‍ഥനാ വാര്‍ഡ് ഭാരവാഹികള്‍, കൈക്കാരന്മാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഭക്ഷണ ക്രമീകരണങ്ങള്‍ നടത്തിയവര്‍, പബ്ളിസിറ്റി നല്‍കിയ മാധ്യമങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം തിരുമേനിയും വികാരി ഫാ. ജോയി ആലപ്പാട്ടും പ്രത്യേകം നന്ദി പറഞ്ഞു.

തുടര്‍ന്ന് മൂവായിരത്തിലധികം വരുന്ന വിശ്വാസികള്‍ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്നേഹവിരുന്നില്‍ പങ്കെടുത്ത്, വലിയ നോമ്പിനു സമാപ്തികുറിച്ചുകൊണ്ട് ശാന്തിയും സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ രാത്രിയുടെ അന്ത്യയാമമായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം