ഓക്ലാന്‍ഡിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രം
Tuesday, April 22, 2014 7:47 AM IST
ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായിരുന്നു. ശുശ്രൂഷകള്‍ക്ക് വന്‍ജനപങ്കാളിത്തവും അഞ്ച് മലയാളി വൈദീകരുടെ സജീവ സാന്നിധ്യവും കൂടുതല്‍ ശ്രദ്ധേയമാക്കി.

ഓശാന ഞായാറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 13ന് വൈകുന്നേരം 4.30ന് മാതാവിന്റെ ഗ്രോട്ടോയില്‍ കുരുത്തോല വെഞ്ചരിപ്പോടെ ആരംഭിച്ചു. തുടര്‍ന്നുനടന്ന കുരുത്തോല പ്രദക്ഷിണത്തിലും ആഘോഷമായ പാട്ടുകുര്‍ബാനയിലും എഴുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്തു.

പെസഹ വ്യാഴാഴ്ചത്തെ ചടങ്ങുകള്‍ 17ന് രാത്രി ഒമ്പതിന് കാല്‍കഴുകല്‍ ശുശ്രൂഷയോടെ ആരംഭിച്ചു. തുടര്‍ന്നു നടന്ന കുര്‍ബാന, അപ്പം മുറിക്കല്‍ ശുശ്രൂഷകളില്‍ നിരവധി പേര്‍ പങ്കെടുത്തു. രാത്രി 11 മുതല്‍ 12 വരെ ആരാധനയും നടത്തി.

ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ 18ന് രാവിലെ ഒമ്പതിന് ആരംഭിച്ചു. പീഡാനുഭവ ചരിത്ര വായനയ്ക്കുശേഷം കുരിശിന്റെ വഴി പ്രാര്‍ഥനയും നടന്നു. തുടര്‍ന്ന് കുരിശില്‍ ചുംബനത്തിനുശേഷം നടന്ന നേര്‍ച്ചക്കഞ്ഞി വിതരണത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു.

ദുഃഖശനിയാഴ്ച രാവിലെ ഒമ്പതിന് വി. കുര്‍ബാന മധ്യേ പുത്തന്‍വെള്ളവും തിരിയും ആശീര്‍വദിക്കുകയും മാമോദീസ വൃത നവീകരണവും നടന്നു.

ഈസ്റര്‍ ഞായറാഴ്ചത്തെ ചടങ്ങുകള്‍ 19ന് രാത്രി 10ന് ഉയിര്‍പ്പിന്റെ ശുശ്രൂഷയോടെ ആരംഭിച്ചു. ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കുശേഷം പാരീഷ്ഹാളില്‍ നടന്ന സ്നേഹവിരുന്നില്‍ അഞ്ഞൂറോളം പേര്‍ സംബന്ധിച്ചു.

എല്ലാ ചടങ്ങുകളും എല്ലസ്ലി കാത്തലിക് പള്ളിയിലാണ് നടന്നത്. ദിവ്യ രക്ഷകാ സഭയുടെ കേരള റീജിയണല്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോയി പൂണോലി സിഎസ്എസ്ആര്‍, മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍, അസിസ്റന്റെ ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ സിഎസ്എസ്ആര്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജയ്സണ്‍ മുളയരിക്കല്‍ സിഎംഐ, ഫാ. വര്‍ഗീസ് കാച്ചാപ്പള്ളില്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പാരിഷ് കൌണ്‍സില്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍ എന്നിവരാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍