കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ സമൂഹം വിഷു ആഘോഷിച്ചു
Tuesday, April 22, 2014 7:46 AM IST
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ഭാരതീയര്‍ ഇന്ത്യന്‍ പുതുവര്‍ഷം (വിഷു) ഗംഭീരമായി ആഘോഷിച്ചു. ലോസ്ആഞ്ചലസിലെ ടുസ്ടിനിലുള്ള ചിന്മയ മിഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 20ന് (ഞായര്‍) വൈകിട്ട് അഞ്ചു മുതല്‍ പത്തു വരെ ഒത്തുകൂടിയ അവര്‍ 'ഇന്ത്യ ഫെസ്റ്' എന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി.

ലോസ്ആഞ്ചലെസിലെ കലാ, സാംസ്കാരിക, ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍നില്‍ക്കുന്ന മലയാളി സംഘടനയായ 'ഓം' അവതരിപ്പിച്ച തിരുവാതിരകളിയോടെ തുടങ്ങിയ ആഘോഷങ്ങള്‍ ഉത്തര്‍പ്രദേശിന്റെ കലാപരിപാടികളോടെയാണ് അവസാനിച്ചത്.

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ അവരവരുടെ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. മലയാളികളുടെ വിഷുക്കണി എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ആഘോഷങ്ങള്‍ക്കുശേഷം ചിന്മയമിഷന്‍ അംഗങ്ങള്‍ ഒരുക്കിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവ സമൃദ്ധമായ സദ്യയും നടത്തി.

റിപ്പോര്‍ട്ട്: സന്ധ്യാ പ്രസാദ്