അല്‍ഫോന്‍സാ ഇടവകയുടെ നൂതന സംരംഭം -ഒരു സ്വപ്ന തുടക്കം
Tuesday, April 22, 2014 3:51 AM IST
അറ്റ്ലാന്റ: വിശുദ്ധ അല്‍ഫോന്‍സാ ഇടവക വിശ്വാസികളുടെ ചിരകാല സ്വപ്നമായിരുന്ന നൂതനവും വിശാലവുമായ ഇടവക ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി, ഫണ്ട് റേയ്സര്‍ കിക്ക്ഓഫ് ഈസ്റര്‍ ദിനത്തിലെ വിശുദ്ധ ബലിക്കു ശേഷം ദേവാലയത്തില്‍ നടന്നു.

ആബാലവൃദ്ധ ജനങ്ങളും ഒരുപോലെ പങ്കെടുത്ത ഈ ചടങ്ങ് വിശ്വാസികള്‍ക്കു ഒരു വേറിട്ട അനുഭവമായി. കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പ്രായഭേദമെന്യേ വിശ്വാസികള്‍ അണിനിരക്കുകയും ഇടവക വികാരി ഫാ.മാത്യു ഇളയടത്തുമഠം നേരിട്ട് ഉപഹാരങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തത് ഏവര്‍ക്കും ഹൃദ്യമായ ഒരു അനുഭവമായിരുന്നു. ഫാ.മാത്യുവും തന്റെ ഒരു മാസത്തെ വരുമാനം ഇടവക ട്രസ്റിമാരെ ഏല്പ്പിച്ച് ഏവര്‍ക്കും മാതൃകയായി. ഇടവകയില്‍ തിങ്ങി നിറഞ്ഞിരുന്ന ജനക്കൂട്ടവും എല്ലാവരുടെയും ഭാഗഭാഗിത്വവും വിശ്വാസികള്‍ക്ക് ഈ പദ്ധതിയിലുള്ള താത്പര്യവും ഉത്സാഹവും വിളിച്ചോതുന്നു.

ഇടവകവിശ്വാസികളെല്ലാം ഒത്തൊരുമയോടെ തങ്ങളുടെ ചിരകാല സ്വപ്നമായ ദേവാലയ നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കുവാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നു. അറ്റ്ലാന്റയിലെ സീറോ മലബാര്‍ മലബാര്‍ സമൂഹം, മുന്നൂറിലേറെ കുടുംബങ്ങളുള്ള അതിവേഗം വളരുന്ന ഒരു ഇടവകയാണ്. വികാരി ഫാ.മാത്യുവിന്റെ നേത്രുപാടവും തീഷ്ണതയും ഈ പ്രൊജക്ടിനെ അതിവേഗം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കും . എല്ലാറ്റിലുമുപരി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം ഇടവകയുടെ എല്ലാ പരിശ്രമങ്ങളെയും ആശീര്‍വദിക്കുമെന്ന് ഇടവക ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഡോ.സൂസന്‍ തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം