ശസ്ത്രക്രിയക്കായി നാട്ടില്‍പോയ പ്രവാസിക്ക് നവോദയ എട്ടു ലക്ഷം രൂപ നല്‍കും
Monday, April 21, 2014 8:12 AM IST
റിയാദ്: ഷിഫയില്‍ ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരനും തിരുവനന്തപുരം വര്‍ക്കല സ്വദേശിയുമായ മേലേ വെട്ടൂര്‍ സരോജവിലാസത്തില്‍ കെ.അനില്‍ കുമാര്‍ (45) ന് വൃക്കമാറ്റി വയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വേണ്ടി വരുന്ന എട്ടു ലക്ഷം രൂപയും റിയാദ് നവോദയ നല്‍കും.

അനില്‍ കുമാര്‍ വൃക്കരോഗം ബാധിച്ച് ജീവിതവുമായി മല്ലിടുന്ന വാര്‍ത്ത മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ രണ്ട് ഘട്ടങ്ങളായി നവോദയ ഇതിനായി രൂപീകരിച്ച ജനകീയ കമ്മിറ്റി സ്വരൂപിച്ച അഞ്ചു ലക്ഷം കുടുബത്തിന് കൈമാറിയിരുന്നു. നവോദയ മുന്‍ കേന്ദ്രകമ്മിറ്റി അംഗം ഫിറോസ് സിപിഎം വര്‍ക്കല ഏരിയാ കമ്മിറ്റി വഴിയാണ് തുക കൈമാറിയത്. ബാക്കി തുകയായ മൂന്നു ലക്ഷം രൂപ കൂടി ചികിത്സക്കായി നല്‍കുന്നതിന് നാട്ടിലേക്ക് അവധിക്ക് പോകുന്ന സംഘടനയുടെ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ബാബുജിക്ക് നവോദയ സെക്രട്ടറി ഉദയഭാനു കൈമാറി. ഇതോടെ മൊത്തം എട്ടു ലക്ഷം രൂപ ചികിത്സക്കായി കണ്െടത്താന്‍ നവോദയക്ക് സാധിച്ചിട്ടുണ്ട്.

ചികിത്സക്ക് വേണ്ട മുഴുവന്‍ തുകയും നവോദയ യൂണിറ്റുകള്‍ വഴിയാണ് കണ്െടത്തിയത്. അനില്‍ കുമാര്‍ ജോലി ചെയ്തിരുന്ന ഷിഫ മേഖലയില്‍ നിന്ന് മാത്രം മൂന്ന് ലക്ഷത്തോളം രൂപ കണ്െടത്താനായി.

റിയാദ് ഷിഫയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്പില്‍ ജോലിയിലായിരിക്കെ ശരീരമാകെ നീരുവന്ന് വണ്ണം വയ്ക്കാന്‍ തുടങ്ങിയതോടെയാണ് ബത്തയിലെ സ്വകാര്യ ക്ളിനിക്കിനെ അനില്‍കുമാര്‍ സമീപിച്ചതും വൃക്കരോഗമാണെന്ന് കണ്െടത്തിയതും. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം തൊട്ടടുത്ത ദിവസം തന്നെ തിരുവനന്തപുരത്തെത്തിച്ച് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇരുവൃക്കകളേയും ഗുരുതരമായി അസുഖം ബാധിച്ചെന്നും മൂന്നു വര്‍ഷമായി രോഗം തുടങ്ങിയിട്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അനില്‍ കുമാറിന്റെ സഹോദരി വൃക്ക നല്‍കാന്‍ തയാറാണെങ്കിലും ഡയാലിസിസിനും വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കും കൂടി വേണ്ടി വരുന്ന എട്ടു ലക്ഷത്തോളം രൂപ എങ്ങനെ കണ്െടത്തുമെന്ന് അറിയാതെ ബുദ്ധിമുട്ടുമ്പോഴാണ് നവോദയ സഹായിക്കാന്‍ മുന്നോട്ട് വന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍