ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ദുഃഖവെള്ളിയാചരണം
Monday, April 21, 2014 8:10 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ദുഃഖവെള്ളിയാചരണം നടത്തി.

ഏപ്രില്‍ 18-ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഓരോ മണിക്കൂര്‍ വീതം മാറിമാറി ഇടവകയിലെ വിവിധ വാര്‍ഡുകളും വിവിധ ഭക്തസംഘടനകളും ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന എഴുന്നെള്ളിവച്ച് ആരാധന നടത്തി.

തുടര്‍ന്ന് പള്ളിക്കുപുറത്തു വിശാലമായ പാര്‍ക്കിംഗ് ലോട്ടിലൂടെ കഠിനമായ തണുപ്പിനെ അവഗണിച്ചുകൊണ്ട് ആയിരങ്ങള്‍ പ്രത്യേകമായി സജ്ജീകരിച്ച 14 സ്ഥലങ്ങളിലൂടെ ആഘോഷമായ കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി നടത്തി. ഇംഗ്ളീഷിലുള്ള പ്രാര്‍ഥനകള്‍ക്ക് വികാരി ഫാ. ജോയി ആലപ്പാട്ടും മലയാളത്തിലുള്ള പ്രാര്‍ഥനകള്‍ക്ക് അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലും നേതൃത്വം നല്‍കി. മാര്‍ അങ്ങാടിയത്ത് പിതാവും പ്രോക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരിയും സന്നിഹിതരായിരുന്നു.

തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍, ഫാ. ജോര്‍ജ് കെ. പീറ്റര്‍ എന്നീ വൈദീകരുടെ സഹകാര്‍മികത്വത്തിലും ക്രിസ്തുവിന്റെ പീഡാനുഭവ വായനയും നഗരികാണിക്കല്‍ കുരിശുവന്ദനം കൈയ്പു നീര്‍ കുടിക്കല്‍ തുടങ്ങിയ പരമ്പരാഗതവും ഹൃദയസ്പര്‍ശിയുമായ തിരുക്കര്‍മ്മങ്ങള്‍ കേരളത്തനിമയില്‍ നടന്നു. ഫാ. പോള്‍ ചാലിശേരി ഹൃദയസ്പര്‍ശകമായി ദുഃഖവെള്ളിയാഴ്ചയുടെ സന്ദേശം നല്‍കി.

അതിവിശാലവും മനോഹരവുമായ കത്തീഡ്രല്‍ ദേവാലയം തിങ്ങിനിറഞ്ഞ് രണ്ടായിരത്തി അഞ്ഞൂറിലധികം മലയാളി സീറോ മലബാര്‍ വിശ്വാസികള്‍ വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് തങ്ങളുടെ വിശ്വാസവും പാരമ്പര്യവും വിളിച്ചോതി.

ഇതേസമയം തന്നെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ഇംഗ്ളീഷില്‍ വികാരി ഫാ. ജോയി ആലപ്പാട്ടിന്റേയും ഫാ. ബെഞ്ചമിന്റേയും കാര്‍മികത്വത്തില്‍ പ്രത്യേക തിരുകര്‍മ്മങ്ങളും നടത്തപ്പെട്ടു.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിച്ചു.

വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍, കൈക്കാരന്മാരായ ഇമ്മാനുവല്‍ കുര്യന്‍ മൂലേക്കുടിയില്‍, സിറിയക് തട്ടാരേട്ട്, ജോണ്‍ കൂള, മനീഷ് ജോസഫ്, ലിറ്റര്‍ജി കോഓര്‍ഡിനേറ്റേഴ്സായ ജോസ് കടവില്‍, ജോണ്‍ വര്‍ഗീസ് തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ ദുഃഖവെള്ളിയാചരണത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം